
ദില്ലി: ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന 200ഓളം അറ്റകുറ്റപ്പണികള്‍ ലോക്ക്ഡൌണ്‍ കാലത്ത് പൂര്‍ത്തീകരിച്ചതായി റെയില്‍വെ. പഴയ പാലങ്ങള്‍ മാറ്റല്‍, വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ അടക്കം നിരവധി ജോലികളാണ് ലോക്ക്ഡൌണ്‍ കാലത്ത് പൂര്‍ത്തിയായതെന്നാണ് റെയില്‍വെ വിശദമാക്കുന്നത്.
സ്ഥിരം യാത്രക്കാരും ട്രെയിന്‍ സര്‍വ്വീസുകളിലും കാര്യമായ കുറവുണ്ടായത് ഈ ജോലികള്‍ വേഗത്തിലാക്കാന്‍ സഹായിച്ചുവെന്ന് റെയില്‍വെ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാനാവാതിരുന്ന ജോലികളും ഈ മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിച്ചതായി റെയില്‍വെ വിശദമാക്കുന്നു. സര്‍വ്വീസുകളില്‍ മുടക്കം വരാതിരിക്കാനും യാത്രക്കാര്‍ക്ക് തടസം നേരിടാതിരിക്കാനുമായാണ് ഈ ജോലികള്‍ നീട്ടിവച്ചതെന്നാണ് റെയില്‍വെ വിശദീകരിക്കുന്നത്.
സ്ഥിരം സര്‍വ്വീസുകളില്‍ തടസം നേരിടാതെ ഇത്തരം നിര്‍ണായകമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനായി ലഭിച്ച അപൂര്‍വ്വ അവസരമായാണ് ലോക്ക്ഡൌണിനെ കാണുന്നതെന്നും റെയില്‍വെ വിശദമാക്കുന്നു. 82 പാലങ്ങളുടെ പുനരുദ്ധാരണം, 48 സബ് വേകള്‍, 16 ഫൂട് ഓവര്‍ ബ്രിഡ്ജുകളുടെ ബലപ്പെടുത്തല്‍, പഴയ ഫൂട് ഓവര്‍ ബ്രിഡ്ജുകളുടെ നീക്കം ചെയ്യല്‍, റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, അഞ്ച് യാര്‍ഡുകളുടെ നവീകരണം, 26 പദ്ധതികളുടെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും തുടങ്ങി പൂര്‍ത്തിയാക്കിയ ജോലികളുടെ പട്ടികയും റെയില്‍വെ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈ ഡിവിഷനിലെ ജോലാര്‍പേട്ടിലെ യാര്‍ഡ് നവീകരണം, ലുധിയാനയിലെ 135 മീറ്റര്‍ നീളമുള്ള ഫൂട് ഓവര്‍ബ്രിഡ്ജ് പൊളിച്ച് മാറ്റല്‍, തുംഗ നദിക്ക് കുറുകെയുള്ള പാലം ബലപ്പെടുത്തല്‍ എന്നിവ ഇതില്‍ സുപ്രധാനമായതായി റെയില്‍വെ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam