
ദില്ലി: മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ മരണപ്പെട്ട യുവാവ് രാജാ രഘുവംശിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മേഘാലയയിലേക്കുള്ള ഹണിമൂൺ യാത്രയ്ക്കുള്ള യാത്രയും താമസവും ഉൾപ്പെടെ എല്ലാ ബുക്കിംഗുകളും സോനം രഘുവംശി നടത്തിയിരുന്നു. എന്നാൽ റിട്ടേണ്‍ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിരുന്നില്ലെന്ന് ഉമ രഘുവംശി ആരോപിച്ചു. രണ്ട് വീടുകളിലും യാത്രയെപ്പറ്റിയുള്ള ഒരു വിവരങ്ങളും അറിയിച്ചിട്ടില്ലെന്നും ഉമ രഘുവംശി.
ഷില്ലോങ് വരെ യാത്ര നീട്ടിയത് സോനം ആയിരിക്കും. ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തത് സോനം ആണ്. എന്റെ മകന് ഷില്ലോങിനെക്കുറിച്ച് അത്ര കാര്യമായി അറിയില്ല. കഴിഞ്ഞ വർഷം സോനത്തിന്റെ കുടുംബം ഒരുമിച്ച് ഷില്ലോങ് സന്ദർശിച്ചിരുന്നതായി അമ്മ പറഞ്ഞിരുന്നുവെന്നും ഉമ രഘുവംശി പ്രതികരിച്ചു.
അതേ സമയം ദമ്പതികൾ അവരുടെ എല്ലാ സ്വർണ്ണാഭരണങ്ങളും ധരിച്ചാണ് ഹണിമൂണിന് പോയതെന്ന് കുടുംബവും പൊലീസുകാരും ഒരു പോലെ പറഞ്ഞു. സോനം മാതാപിതാക്കളുടെ വീട്ടിൽ നിന്ന് നേരിട്ട് വിമാനത്താവളത്തിലേക്കാണ് എത്തിയത്. ഒരു വജ്ര മോതിരം, ഒരു ചെയിൻ, ഒരു ബ്രേസ്ലെറ്റ് ഉൾപ്പെടെ രാജാ രഘുവംശി വീട്ടിൽ നിന്ന് 10 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ ധരിച്ചാണ് പുറപ്പെട്ടതെന്നും അമ്മ ഉമ രഘുവംശി പറഞ്ഞു. ചോദിച്ചപ്പോൾ സോനം ഇത് ധരിക്കാൻ പറഞ്ഞിരുന്നുവെന്ന് ഉത്തരം നൽകിയതായും അമ്മ പറയുന്നു.
കൊലപാതകത്തിൽ സോനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവളെ തൂക്കിക്കൊല്ലണം. സോനത്തെ കണ്ടെത്തിയതായി പൊലീസ് രാവിലെ പോലും സോനത്തെ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നില്ല. സിബിഐ അന്വേഷണം നടക്കണം. സോനം ഒന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അവർക്കെതിരെ കുറ്റം ചുമത്തുന്നത്? സോനം നന്നായിട്ടാണ് പെരുമാറിയിരുന്നത്. എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുക വരെ ചെയ്യുമായിരുന്നുവെന്നും ഉമ രഘുവംശി പറഞ്ഞു. സോനം എന്റെ മകനെ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനാണ് അവനെ മരിക്കാൻ വിട്ടു കൊടുത്തത്? ഇതിന് പിന്നിലുള്ള എല്ലാവരെയും കർശനമായി ശിക്ഷിക്കണമെന്നും അമ്മ ഉമ രഘുവംശി കൂട്ടിച്ചേർത്തു.