
ജയ്പ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം സ്ഥാനാര്‍ഥികള്‍. പ്രകടനങ്ങളോടെ എത്തിയാണ് വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. നിലവില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അഞ്ച് മണ്ഡലങ്ങളില്‍ 45,000ത്തിനടുത്ത് വോട്ടുകളുണ്ടെന്നും സിപിഎം രാജസ്ഥാൻ നേതൃത്വം അവകാശപ്പെട്ടു.
സിറ്റിംഗ് സീറ്റുകളായ ഹനുമന്‍ഗഢ് ജില്ലയിലെ ഭദ്രയില്‍ ബല്‍വന്‍ പുനിയ, ബിക്കാനീറിലെ ദുംഗര്‍ഗഢില്‍ ഗിര്‍ദാരിലാല്‍ മഹിയയും നാമനിര്‍ദേശ പത്രിക നല്‍കി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കര്‍ ജില്ലയിലെ ദത്താരംഗഢില്‍ പത്രിക സമര്‍പ്പിച്ചു. മുന്‍ എംഎല്‍എയായിരുന്ന പേമാ റാം സിക്കറിലെ ദോഢിലാണ് ജനവിധി തേടുന്നത്. ലക്ഷ്മണ്‍ഗഢ് മണ്ഡലത്തില്‍ വിജേന്ദ്ര ധാക്ക, സിക്കറില്‍ ഉസ്മാന്‍ ഖാന്‍, ഹനുമാന്‍ഗഢില്‍ രഘുവീര്‍ വര്‍മ, നോഹറില്‍ മംഗേഷ് ചൗധുരി, റായ്സിങ് നഗറില്‍ ഷോപ്പത്ത് റാം മെഘ്വാള്‍, അനൂപ്ഗഢില്‍ ശോഭാ സിങ് ധില്ലണ്‍, ദുംഗര്‍പ്പുറില്‍ ഗൗതം തോമര്‍, താരാനഗറില്‍ നിര്‍മ്മല്‍കുമാര്‍ പ്രജാപത്, സര്‍ദാര്‍ഷഹറില്‍ ഛഗന്‍ലാല്‍ ചൗധുരി, സാദുല്‍പ്പുറില്‍ സുനില്‍ പുനിയ, ജദൗളില്‍ പ്രേം പര്‍ഗി, ലഡ്നൂവില്‍ ഭഗീരഥ് യാദവ്, നവനില്‍ കാനാറാം ബിജാരനിയ എന്നിവരാണ് മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കാത്ത മറ്റ് മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം രാജസ്ഥാൻ സംസ്ഥാ സെക്രട്ടറി അമ്രാ റാം പറഞ്ഞു.
രാജസ്ഥാന്‍ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബര്‍ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ പരിശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam