പദ്ധതി നീട്ടുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നാരോപിച്ച് പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമ്പോഴാണ് പ്രതികരണം.

ഭോപ്പാല്‍: സൗജന്യ റേഷൻ നൽകുന്ന പദ്ധതിയായ ഗരീബ് കല്ല്യാൺ യോജന ബിജെപിക്ക് പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കിയെന്ന് മധ്യപ്രദേശിലെ സ്ഥാനാർഥിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയ് വർഗിയ പറഞ്ഞു. ദരിദ്ര വിഭാഗത്തിൽ പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് മധ്യപ്രദേശിൽ വച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് വിജയ് വ‍ർഗിയ പ്രതികരിച്ചത്. പദ്ധതി നീട്ടുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നാരോപിച്ച് പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമ്പോഴാണ് പ്രതികരണം.

തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെയാണ് ഡിസംബറിൽ അവസാനിക്കേണ്ട സൗജന്യ റേഷൻ പദ്ധതി നീട്ടുന്നതായി ചത്തീസ്ഗഡ് മധ്യപ്രദേശ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം എന്ന് വിമർശനം പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തി.ചട്ടലംഘനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാൽ പദ്ധതി ബിജെപിക്ക് ദരിദ്ര വിഭാഗത്തിൽ വോട്ട് ബാങ്കുണ്ടാക്കിയെന്നാണ് ഇന്തോർ മണ്ഡലത്തിലെ സ്ഥാനാർഥിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായി കൈലാഷ് വിജയ് വർഗിയ പറയുന്നത്.