
രജൗരി: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അതിർത്തി കടന്നുള്ള ഭീകരരുടെ ഇടപെടൽ സംശയിച്ച് സൈന്യം. കേസിന്റെ അന്വേഷണം എൻഐഎക്ക് വിട്ടേക്കും. ഇതിനിടെ കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ വെടിവച്ചു കൊന്നു.
സൈനിക വേഷത്തിലാണ് ഭീകരർ രജൗരിയിലെ സൈനിക താവളത്തിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. കനത്ത സുരക്ഷ നിലനിൽക്കുന്ന പ്രദേശത്ത് വൻ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. ആക്രമണം നടന്ന സ്ഥലത്ത് എൻഐഎ ഇന്നലെ പരിശോധന നടത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ഉടനീളം സുരക്ഷ കർശനമാക്കിയിരുന്നു. ഇതിനിടെയാണ് സേനാ ക്യാംപിൽ ആക്രമണം ഉണ്ടായത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ മൂന്നാം വാർഷിക ദിനമായിരുന്ന ഓഗസ്റ്റ് 5നും സ്വാതന്ത്ര്യദിനത്തിനും ഇടയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ പുലർച്ചെ ആണ് രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.ഇതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിഷാന്ത് കുമാർ എന്നിവർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.
കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേറാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു
ഇതിനിടെ, സംസ്ഥാനത്ത് അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. ബന്ദിപ്പോരയിലാണ് ഇന്നലെ അർധരാത്രിയോടെ ബിഹാർ മധെപുര സ്വദേശിയായ മഹൊദ് അമ്റേസിന് നേരെ വെടിവയ്പ്പുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam