ഇന്ത്യൻ പാർലമെന്‍റ്  ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ് .ജനപ്രതിനിധിയും മുൻ മന്ത്രിയുമായ താങ്കൾ പാക് അധീന കാശ്മീർ എന്ന ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നില്ലേയെന്നും ചോദ്യം 

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശം വിവാദമാക്കി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. പാകിസ്ഥാന്‍ അധീനതയിലുള്ള പ്രദേശത്തെ 'ആസാദ് കാശ്മീരെ'ന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് സന്ദീപ് വാര്യര്‍ കമന്‍റിട്ടത്.

കെ ടി ജലീലിന്‍റെ പോസ്റ്റിലെ വിവാദഭാഗം ഇങ്ങനെ

'പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' .

ജലീലിന്‍റെ പോസ്റ്റിനു കീഴെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി.

സന്ദീപ് വാര്യരുടെ വാക്കുകള്‍ ഇങ്ങനെ

'ആസാദ് കാഷ്മീരൊ '? പാക് ഒക്യുപൈഡ് കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് . ഇന്ത്യൻ പാർലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുൻ മന്ത്രിയുമായ താങ്കൾ പാക് ഒക്കുപൈഡ് കാശ്മീർ എന്ന ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നില്ലേ ? പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോ ജലീൽ . So called Azad Kashmir ന്റെ ഒരു ഭാഗം പാകിസ്ഥാൻ ചൈനക്ക് കൊടുത്തു. പാക് അധീന കശ്മീരിലെ സർക്കാർ തമാശയാണ്. അവിടെ പരിപൂർണമായും പാക് ഭരണമാണ്. കശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്താനുമായി ചേർക്കപ്പെട്ടതല്ല , പാക് സൈന്യം അധിനിവേശം നടത്തിയതാണ്, ഇന്ത്യൻ സൈനിക നടപടി ഇല്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും അവർ കയ്യേറിയേനെ' .

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനകം രംഗത്ത് വന്നിട്ടുള്ളത്. കെ ടി ജലീല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണമാന്നും നടത്തിയിട്ടുമില്ല. 

നരകം പോലെ ജീവഭയം സമ്മാനിച്ച കൃതി, പ്രവാചകനിന്ദ ആരോപണത്തിൽ വേട്ടയാടപ്പെട്ട റുഷ്ദിയും 'സാതനിക് വേഴ്സസും'

മാധ്യമം പത്രത്തിനെതിരായ നിലപാടിലും ജലില്‍ ഒറ്റപ്പെട്ടു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലാണ് ജലീലിനെതിരായ മാധ്യമം വിവാദത്തിന് അടിസ്ഥാനം. ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന സുരേഷ് ജലീലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തി. മാധ്യമം ദിനപത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാർത്തകൾ യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്‍റെ ആക്ഷേപം.

തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലുമായി അടച്ചിട്ട മുറിയിൽ വച്ച് കെ.ടി.ജലീൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയെന്നും കേന്ദ്ര സർക്കാർ അറിയാതെയായിരുന്നു ഇതെല്ലാമെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു. തന്‍റെ ബന്ധങ്ങൾ ഉപയോഗിച്ച് നയതന്ത്ര ചാനൽ വഴി കൂടുതൽ ഇടപാടുകൾ നടത്താനായിരുന്നു ജലീലിന്‍റെ ശ്രമം. നയതന്ത്ര ചാനൽ വഴിയുളള ഇടപാടിന് സർക്കാരിനെ ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയുണ്ടാകുമെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിരുന്നതായി സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടേതടക്കം പിന്തുണ ഉണ്ടാകുമെന്ന് ജലീൽ കോൺസുൽ ജനറലിനോട് പറഞ്ഞിരുന്നതായും സ്വപ്ന ആരോപിക്കുന്നുണ്ട്. 

സംസ്ഥാനത്തെ ഒരു മന്ത്രി മറ്റൊരു രാഷട്രത്തിന്‍റെ തലവന് നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. കത്തിന്‍റെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. 

എന്നാല്‍ ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്‍റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് അയച്ചതാണെന്നാണ് കെടി ജലീൽഇതു സംബന്ധിച്ച് വിശദീകരിച്ചത്.മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ സിപിഎം പൂർണമായി തള്ളി . മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തിയത്.മാധ്യമം പത്രത്തിനെതിരെ ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രിയും പരസ്യമായി പറഞ്ഞിരുന്നു.