
ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.
ഡിസംബർ 20-ന് പുലർച്ചെ 2:17-ഓടെയാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. 20507 ഡിഎൻ സൈറംഗ് - ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. അപകടം നടന്ന പ്രദേശം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
അപകടത്തിന്റെ തീവ്രത വലുതായിരുന്നെങ്കിലും ട്രെയിനിലെ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ പരിക്കേറ്റില്ല എന്നത് ആശ്വാസകരമായി. എന്നാൽ, പാളത്തിലുണ്ടായിരുന്ന എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ തന്നെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി ഇരുത്തി. അപകടത്തിന് പിന്നാലെ ലുംഡിംഗ് ഡിവിഷണൽ ആസ്ഥാനത്ത് നിന്നുള്ള ദുരിതാശ്വാസ ട്രെയിനുകളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ജനറൽ മാനേജരും ലുംഡിംഗ് ഡിവിഷണൽ റെയിൽവേ മാനേജരും നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.
പാളം തെറ്റിയ കോച്ചുകൾ വേർപെടുത്തിയ ശേഷം പുലർച്ചെ 6:11-ഓടെ ട്രെയിൻ ഗുവാഹത്തിയിലേക്ക് തിരിച്ചു. ഗുവാഹത്തിയിൽ എത്തിയ ശേഷം എല്ലാ യാത്രക്കാരെയും ഉൾക്കൊള്ളാൻ ആവശ്യമായ അധിക കോച്ചുകൾ ഘടിപ്പിച്ച് ട്രെയിൻ ന്യൂഡൽഹിയിലേക്ക് യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ പാതയിലൂടെ കടന്നുപോകേണ്ട മറ്റ് ട്രെയിനുകൾ 'അപ് ലൈൻ' വഴി തിരിച്ചുവിട്ടു. പാളത്തിലെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പറുകൾ യാത്രക്കാരുടെ ബന്ധുക്കൾക്കും മറ്റും വിവരങ്ങൾ അറിയാനായി ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു: 0361-2731621, 0361-2731622 , 0361-2731623
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam