
ഭുവനേശ്വർ: സർക്കാർ ജോലിക്കായുള്ള പരീക്ഷയെഴുതാൻ എയർ സ്ട്രിപ്പ്! ഒഡിഷയിലെ സംബൽപുർ ജില്ലയിലാണ് സംഭവം. 187 ഹോം ഗാർഡ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കെത്തിയ 8000 പേരെയാണ് ജമാദർപാലി എയർ സ്ട്രിപ്പിൽ നിലത്തിരുത്തി പരീക്ഷയെഴുതിച്ചത്. ഡിസംബർ 16 നായിരുന്നു പരീക്ഷ നടന്നത്. ഇതിൻ്റെ ചിത്രങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് യോഗ്യത അടിസ്ഥാനമാക്കിയ പരീക്ഷയ്ക്ക് ബിരുദാനന്തര ബിരുദധാരികൾ വരെ അപേക്ഷിച്ചിരുന്നു. ആളെണ്ണം കൂടുതലായതിനാൽ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്താൻ സാധിച്ചില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് എയർ സ്ട്രിപ്പിൽ പരീക്ഷ നടത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു. പരീക്ഷ സമാധാനപരമായാണ് നടന്നത്. സാധാരണയായി, പോലീസ്, സൈനിക റിക്രൂട്ട്‌മെന്റുകൾക്കുള്ള എഴുത്തുപരീക്ഷകളും ശാരീരിക പരീക്ഷകളും തുറന്ന മൈതാനങ്ങളിലാണ് നടത്തുന്നത്. ക്രമക്കേടുകൾ ഒഴിവാക്കാൻ വേണ്ടിയാണിതെന്നും സാംബൽപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് പറയുന്നു. എട്ടായിരം വിദ്യാർത്ഥികളെ ഒരുമിച്ച് പരീക്ഷയെഴുതിക്കാൻ 20 സ്‌കൂളുകൾ ആവശ്യമായിരുന്നു. എന്നാൽ ഇത്രയും വിപുലമായി നടത്താതെ എളുപ്പത്തിൽ എല്ലാവരെയും ഒരേ സ്ഥലത്ത് പരീക്ഷയെഴുതിക്കാൻ സാധിച്ചത് നേട്ടമെന്നാണ് ഒഡിഷ പൊലീസിൻ്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam