രാജീവ് ചന്ദ്രശേഖറിന് നൈപുണ്യവികസനം, ഐടി സഹമന്ത്രി സ്ഥാനം

By Web TeamFirst Published Jul 7, 2021, 10:59 PM IST
Highlights

ബുധനാഴ്ച രാത്രിയാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തുവിട്ടത്. മൂന്നാം തവണയും രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖറിര്‍ ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. 

ദില്ലി: രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത് നൈപുണ്യവികസനം, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐടി) സഹമന്ത്രി സ്ഥാനം. ബുധനാഴ്ച രാത്രിയാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തുവിട്ടത്. മൂന്നാം തവണയും രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖര്‍ ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. 

കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനം തനിക്ക് ലഭിച്ചിരിക്കുന്ന വലിയ അവസരമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എംപി. പ്രധാനമന്ത്രി നല്‍കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നല്‍കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കും. രാജ്യത്തെയും ജനങ്ങളെയും സേവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. 

മന്ത്രിസഭാ വികസനത്തില്‍ അവസരം ലഭിച്ച പുതുമുഖമാണ് മലയാളിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് ഏകോപനവും ബിജെപി ദേശീയ വക്താവായുള്ള പ്രവര്‍ത്തനവുമെല്ലാം രണ്ടാം മോദി മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി. ഐടി അടക്കമുള്ള രംഗങ്ങളിലെ മികവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ഇതോടൊപ്പം പരിഗണിക്കപ്പെട്ടു.

പാര്‍ലമെന്റില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം എന്നീ നിലയിലും രാജീവ് ചന്ദ്രശേഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെടുത്താനായിരുന്നുവെങ്കില്‍ കേരളത്തിലെ ബിജെപിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ക്ക് പരിഗണന ലഭിക്കുമായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!