
ദില്ലി: ലഡാക്ക് അതിർത്തിയിൽ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പ്രസ്താവന നടത്തി. ഏപ്രിൽ മാസം മുതൽ ലഡാക്ക് അതിർത്തിയിൽ സൈന്യം സാന്നിധ്യം വർധിപ്പിച്ചു വരികയാണെന്നും സംഘർഷത്തിനിടെ ചൈനീസ് ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സേനകൾക്ക് സാധിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഏപ്രിൽ മുതൽ ചൈന അതിർത്തിയിൽ സേന സാന്നിധ്യം കൂട്ടി വരികയായിരുന്നു. മേയിൽ പാങ്ഗോംഗ്, ഗൽവാൻ, ഗോഗ്ര എന്നിവിടങ്ങളിൽ നിയന്ത്രണരേഖ കടക്കാൻ ചൈനീസ് സൈന്യം ശ്രമിച്ചു. ജൂൺ ആറിന് കമാൻഡർമാരുടെ യോഗത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ജൂൺ പതിനഞ്ചിന് ചൈനീസ് സേന അക്രമത്തിലേക്ക് നീങ്ങി. ഇന്ത്യൻ സൈന്യം ഈ നീക്കത്തെ കർശനമായി പ്രതിരോധിക്കുകയും ചൈനീസ് ഭാഗത്ത് കാര്യമായ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
അതിർത്തിയിൽ എന്തിനും തയ്യാറായിട്ടാണ് ഇന്ത്യൻ സൈന്യം നിലക്കൊള്ളുന്നത്. സമാധനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. അതിർത്തി സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിനുള്ള നിശ്ചയദാർഢ്യത്തിൽ ആർക്കും സംശയം വേണ്ട. ഈ ഘട്ടത്തിൽ പാർലമെൻ്റ സൈന്യത്തിനൊപ്പം ഉറച്ചു നിൽക്കണം - ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷസംഘടനകൾ ബഹളം വച്ചെങ്കിലും ഈ ഘട്ടത്തിൽ സഭ സേനകൾക്കൊപ്പം നിൽക്കണമെന്നും അതിനാൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് ലോക്സഭാ സ്പീക്കർ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam