
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ എതിരില്ലാത്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു. ബിജെപിയുടെ ഇരുപത് സ്ഥാനാര്‍ത്ഥികളും കോൺഗ്രസിന്റെ എട്ട് സ്ഥാനാർത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പീയുഷ് ഗോയൽ, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, രൺദീപ് സിംഗ് സുർജേവാല, മുകുൾ വാസ്നിക്, വിവേക് തൻഖ, കപിൽ സിബൽ (സമാജ് വാദി പാർട്ടി സ്വതന്ത്രൻ) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍. വൈഎസ്ആർ കോൺഗ്രസിലെ നാല് അംഗങ്ങളും സമാജ്‍വാദി പാർട്ടി, ഡിഎംകെ, ബിജെഡി എന്നീ പാര്‍ട്ടികളിലെ മൂന്നു പേര്‍ വീതവും തെരഞ്ഞെടുക്കപ്പെട്ടു. ആർജെഡി, ആം ആദ്മി പാർട്ടി, അണ്ണാ ഡിഎംകെ, ടിആർഎസ് തുടങ്ങിയ പാര്‍ച്ചികളിൽ നിന്നും 2 വീതം പേരും ജെഡിയു ,ശിവസേന എൻസിപി ജെഎംഎം എന്നിവരുടെ ഓരോ സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചതോടെ 4 സംസ്ഥാനങ്ങളിൽ പോരിനു കളമൊരുങ്ങി. മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്ക് വീതം ഈ മാസം 10ന് തെരഞ്ഞെടുപ്പ് നടക്കും. . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന സീറ്റുകളിൽ കൂടുതൽ ലക്ഷ്യമിട്ട് രാഷ്ടീയ കക്ഷികൾ സ്ഥാനാർഥികളെ കളത്തിലിറക്കിയതോടെയാണ് ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
വിമതരെ വെട്ടി, ഗ്രൂപ്പ് 23 യിലെ കരുത്തരെ തഴഞ്ഞു; രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്