'നിരാശയില്ല. ന്യൂനപക്ഷങ്ങൾ ബിജെപിയിൽ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. ബിജെപിയിൽ അത്തരത്തിൽ വിവേചനങ്ങളില്ല.'

ദില്ലി: ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ഇടംപിടിക്കാൻ നിലവിലെ എംപിയും മലയാളിയുമായ അൽഫോൻസ് കണ്ണന്താനത്തിന് കഴിഞ്ഞിട്ടില്ല. അൽഫോൻസ് കണ്ണന്താനത്തിനൊപ്പം മുക്താർ അബ്ബാസ് നഖ്വി, സുരേഷ് ഗോപി എന്നിവരടക്കം പല നേതാക്കളും ലിസ്റ്റിന് പുറത്താണ്. ന്യൂനപക്ഷങ്ങളെ ബിജെപി ഒഴിവാക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ സീറ്റ് കിട്ടാത്തതിനോട് പ്രതികരിക്കുകയാണ് അൽഫോൻസ് കണ്ണന്താനം. 

പാർലമെന്റിലേക്ക് പുതിയ തലമുറ വരട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും സീറ്റ് ലഭിക്കാത്തതിൽ വിഷമമില്ലെന്നുമാണ് അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്. നിരാശയില്ല. ന്യൂനപക്ഷങ്ങൾ ബിജെപിയിൽ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. ബിജെപിയിൽ അത്തരത്തിൽ വിവേചനങ്ങളില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് ഒതുക്കാനായി ഇടപെട്ടത് കൊണ്ടാണ് തന്നെ തഴഞ്ഞത് എന്നതും തെറ്റായ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപി സ്ഥാനം ഒഴിഞ്ഞ ശേഷവും കേരളത്തിലേക്ക് തിരികെ വരില്ല. കേരളം ഒന്നും നടക്കാത്ത സംസ്ഥാനമാണ്. ഇനി അഭിഭാഷകനായി ദില്ലിയിൽ തുടരാനാണ് തീരുമാനം. പുതിയ മേഖലയിൽ വിജയിക്കുമെന്ന പ്രതീക്ഷയും അൽഫോൻസ് കണ്ണന്താനം പങ്കുവെച്ചു. 

രാജ്യസഭാ തെരഞ്ഞെടുപ്പ്: 16 സ്ഥാനാ‍ര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി, കണ്ണന്താനത്തിൻ്റെ പേരില്ല

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിക്കും ബിജെപി സീറ്റ് നൽകിയിട്ടില്ല. ഇതോടെയാണ് ന്യൂനപക്ഷങ്ങൾ ഒതുക്കപ്പെടുന്നുവെന്ന രീതിയിൽ പ്രചാരം ശക്തമായത്. വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണ്. രാജ്യസഭ സ്ഥാനാർത്ഥികളുടെ അവസാന പട്ടികയിലും മുക്താർ അബ്ബാസ് നഖ്വിയെ ഉൾപ്പെടുത്തിയിട്ടില്ല. ആ സ്ഥിതിക്ക് നഖ്വിയും രാജ്യസഭ സീറ്റു കിട്ടാത്ത കേന്ദ്രമന്ത്രി ആർസിപി സിംഗും രാജിവയ്ക്കാനാണ് സാധ്യത. പ്രധാനമന്തിയുടെ നിർദ്ദേശ പ്രകാരമായിരിക്കും അടുത്ത നടപടിയെന്ന് ആർസിപി സിംഗ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 

'രാജ്യസഭാ സീറ്റ് എവിടെ? സോണിയാജി പറയണം', പ്രതിഷേധവുമായി നഗ്മയും പവൻ ഖേരയും

ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രസിദ്ധീകരിച്ചത്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി സമീപിക്കുന്നത്. കർണാടകയിൽ നിന്നും ധനമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്രയിൽ നിന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വീണ്ടും മത്സരിക്കും. 

രാജ്യസഭാ സീറ്റ് നിർണയത്തിൽ ബിജെപിയിലും അതൃപ്തി, മന്ത്രിസഭാ പുനഃസംഘടന വരുമോ?