
മുംബൈ: രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ (Rajya Sabha Election) മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു.
ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തു. ഹരിയാനയിലെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേ സമയം മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എയുടെ വോട്ട് അസാധുവായി. എന്‍സിപിക്കും ശിവസേനയ്ക്കും ഒരോ സീറ്റ് വീതമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്. ഹരിയാനയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് അജയ് മാക്കാനാണ് തോല്‍വി അറിഞ്ഞത്.
കർണാടകത്തിൽ ത്രികോണ മത്സരത്തിൽ ബിജെപിക്ക് ജയം; കോൺഗ്രസ് ബി ടീമെന്ന് ജെഡിഎസ് വിമർശനം
കർണാടകയിൽ നിന്ന് നിർമ്മലാ സീതാരാമനും , കോൺഗ്രസ് സ്ഥാനാർത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറൻഷ്യൽ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ലെഹര്‍ സിങ് സിരോയ വിജയിച്ചു. നിർമ്മലാ സീതാരാമൻ, നടൻ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു. തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്നാണ് ജെഡിഎസ് വിമർശനം.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനാണ് ജയം. രാജസ്ഥാനിലെ നിർണ്ണായകമായ മൂന്ന് സീറ്റിലും കോൺഗ്രസ് ജയിച്ചു. ഹരിയാനയിൽ ഫലപ്രഖ്യാപനം വൈകും. കോൺഗ്രസ് എംഎൽഎമാർ വോട്ട് പരസ്യമാക്കിയെന്ന ബിജെപിയുടെ പരാതിയിൽ കമ്മീഷൻ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിലാണ് വൈകുന്നത്. ഇവിടെ കോൺഗ്രസ് പ്രതിനിധികളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബിജെപിയുടെ പരാതി തള്ളിയ വരണാധികാരിയുടെ റിപ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്.
രാജസ്ഥാനിൽ മുകുൾ വാസ്‌നിക്, രൺദീപ് സിംഗ് സുർ ജേവാല, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു. കക്ഷിനില കോൺഗ്രസ് 3 ബിജെപി 1 എന്നാണ്.
മഹാരാഷ്ട്രയിലും വോട്ടെണ്ണൽ വൈകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം വന്ന ശേഷം മാത്രമേ വോട്ടെണ്ണൽ ആരംഭിക്കൂ. ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകൾ അസാധുവായി കണക്കാക്കണമെന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഇത്. കർണാടകയിൽ ജെഡിഎസ് എംഎൽഎ എച്ച്ഡി ദേവണ്ണ വോട്ട് പരസ്യപ്പെടുത്തിയെന്ന പരാതി വരണാധികാരി തള്ളിയതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം നടന്നത്. രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ ജയം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു.
ഹരിയാനയിൽ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോൺഗ്രസിൻറെ മുഴുവൻ വോട്ടുകളും കിട്ടിയാൽ ജയിക്കാനാകുമായിരുന്നുള്ളു. പ്രതിഷേധമുയർത്തിയ കുൽദീപ് ബിഷ്ണോയി എംഎൽഎയെ രാഹുൽ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നെങ്കിലും അത് ഏറ്റില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
ഈ രണ്ടിടങ്ങളിലും സ്വതന്ത്രന്മാരായി ഇറക്കിയ മാധ്യമ ഉടമകൾക്ക് ചെറുപാർട്ടികളുടെ പിന്തുണ കിട്ടിയാൽ സീറ്റുകൾ വെട്ടിപിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ അതില്‍ രാജസ്ഥാന്‍ ഫലിച്ചില്ല. എന്നാല്‍ മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റിൽ ശിവസേന-ബിജെപി പോരാട്ടത്തില്‍ ശിവസേന അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ ബിജെപിക്ക് നേട്ടമായി. മഹാവികാസ് അഘാഡിയുടെ മുഴുവൻ വോട്ടുകളും കിട്ടിയാൽ സീറ്റ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. എന്നാല്‍ പാളയത്തിലെ എംഎല്‍എയ്ക്ക് തന്നെ പിഴച്ചു. ഇഡി, സിബിഐ കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ എൻസിപി നേതാക്കളായ നവാബ് മാലിക്ക്, അനിൽ ദേശ് മുഖ് എന്നീ നേതാക്കൾ വോട്ട് ചെയ്തില്ല.
സോണിയ 23 ന് ഹാജരാകണം, നാഷണൽ ഹെറാൾഡ് കേസിൽ പുതിയ നോട്ടീസ് നൽകി ഇഡി