354 കോടിയുടെ വായ്‍പാതട്ടിപ്പ്; രതുല്‍ പുരി എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കസ്റ്റഡിയിൽ

By Web TeamFirst Published Aug 20, 2019, 9:34 PM IST
Highlights

ആറുദിവസത്തേക്കാണ് സ്പെഷ്യല്‍ കോടതി രതുല്‍ പുരിയെ കസ്റ്റഡിയില്‍ വിട്ടത്.

ദില്ലി: ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍ പുരിയെ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കസ്റ്റഡിയിൽ വിട്ടു. ആറുദിവസത്തേക്കാണ് സ്പെഷ്യല്‍ കോടതി രതുല്‍ പുരിയെ കസ്റ്റഡിയില്‍ വിട്ടത്. സെൻട്രൽ ബാങ്ക് ഇന്ത്യയിൽ നിന്ന് 354 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസിലാണ് മോസര്‍ ബയര്‍ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ രതുല്‍ പുരി അറസ്റ്റിലാവുന്നത്. 

ബാങ്കിന്‍റെ പരാതിയില്‍ സിബിഐയും രതുൽ പുരിക്കെതിരെ കേസെടുത്തിരുന്നു. ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും ഡയറക്ടര്‍മാരും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ച് ദുര്‍വിനിയോഗം ചെയ്തെന്നാണ് ബാങ്കിന്‍റെ പ്രധാന ആരോപണം. രതുൽ പുരിയുടെ പിതാവ് ദീപക് പുരിക്കും മാതാവ് നിത പുരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ദീപക് പുരി കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഡയറക്ടര്‍മാരിലൊരാളാണ്  നിതാ പുരി. സംഭവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ആറിടങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തിലാണ് കമൽനാഥും, രതുൽ പുരിയുടെ ഓഫീസും.

click me!