പ്ലീസ്, ഒന്ന് നിർത്തൂ; യാചിച്ച് എയർ ഇന്ത്യ ദുരന്തത്തിൽ മരിച്ച യുവതിയുടെ ബന്ധു; 'വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ ഉണ്ടാക്കി'

Published : Jun 16, 2025, 09:28 AM IST
Komi Vyas air india crash

Synopsis

ഗുജറാത്തിലെ വിമാന ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ബന്ധുക്കൾ രംഗത്ത്. 

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിന്‍റെ ആഘാതത്തിലാണ് രാജ്യം. 274 പേർക്കാണ് നാടിനെയാകെ സങ്കടത്തിലാഴ്ത്തിയ ആകാശ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഇപ്പോൾ ഈ ദുരന്തം സാമൂഹിക മാധ്യമങ്ങളിൽ ചൂഷണം ചെയ്യുന്നതിനെതിരെ മരിച്ചവരിൽ ഒരാളുടെ ബന്ധു രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അപകടത്തിൽ ഭർത്താവ് പ്രതീക് ജോഷി, മൂന്ന് മക്കൾ എന്നിവരോടൊപ്പം മരിച്ച കോമി വ്യാസിന്‍റെ ബന്ധു കുൽദീപ് ഭട്ട് ആണ് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചിത്രങ്ങൾ കൃത്രിമം കാണിക്കുകയും മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും വ്യാജ വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്‍റ് ക്രിയേറ്റർമാരും ഇത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലൈക്കുകളും വ്യൂസും നേടുന്നതിന് വേണ്ടിയാണ് ഇവർ ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ പ്രശ്നം, ഞങ്ങളുടെ കുടുംബവും മറ്റ് 270 പേരുടെ കുടുംബങ്ങളും മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, തങ്ങളുടെ വ്യൂസും ലൈക്കും ഫോളോവേഴ്സും കൂട്ടാനുള്ള ശ്രമത്തിൽ, അപകട വീഡിയോകൾ ദുരുപയോഗം ചെയ്യുകയും കൃത്രിമം കാണിച്ച് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയുമാണെന്ന് കുൽദീപ് പറഞ്ഞു.

വ്യക്തിഗത കുടുംബ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും ഭട്ട് സംസാരിച്ചു. കോമിയും മറ്റുള്ളവരും വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു സെൽഫി എടുത്ത് കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ആ ചിത്രം വൈറലായിരിക്കുകയാണ്. ആളുകൾ ആ ചിത്രത്തിൽ നിന്ന് വീഡിയോകൾ ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇന്ത്യയിലുടനീളം വൈറലായി. ഇത് എഐ ജനറേറ്റ് ചെയ്തതാണ്. ആ ചിത്രം ഒരു വ്യാജ വീഡിയോ ആക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേദനിപ്പിക്കുന്ന മറ്റൊരു ചിത്രം ദമ്പതികളുടെ മകൾ മിറയയുടേതാണ്. കഴിഞ്ഞ ദിവസം മുതൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, അത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. മിറയ എന്ന സുന്ദരിയായ കുട്ടിയുടെ ചിത്രമാണത്. അവളുടെ ഡിഎൻഎ സാമ്പിളിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോൾ ഒരു വിവരവുമില്ല. അത് ഒത്തുചേർന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ, ആളുകൾ അവളുടെ ശരീരം കത്തിക്കരിഞ്ഞുവെന്ന് പറയുന്നു. അവളുടെ മൃതദേഹം സംസ്കരിക്കുന്നതിന്‍റെ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്ന് കുല്‍ദീപ് പറയുന്നു.

കോമിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടത് കുടുംബത്തിന്‍റെ ദുരിതം കൂട്ടി. കോമിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോടും അഭ്യർത്ഥിക്കുകയാണ്, ദയവായി ഇത് നിർത്തുക. നിങ്ങളുടെ ലൈക്കുകളും ഫോളോവേഴ്സും വർദ്ധിപ്പിക്കാൻ വേണ്ടി എന്തിനാണ് ഞങ്ങൾക്ക് ഇത്രയധികം മാനസികാഘാതം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ