
ദില്ലി: ഥാർ വാങ്ങിയതിന് പിന്നാലെ പൂജ നടത്തി നാരങ്ങക്ക് മേൽ ചക്രം കയറ്റുന്ന ചടങ്ങിനിടെ ഒന്നാം നിലയിൽ നിന്ന് ഥാർ താഴേയ്ക്ക് പതിച്ച് അപകടമുണ്ടായി യുവതിക്ക് ഗുരുതര പരിക്കേറ്റെന്ന പ്രചാരണം തള്ളി യുവതി. ദില്ലിയിലെ നിർമ്മാൺ വിഹാറിലെ മഹീന്ദ്ര ഷോറൂമിലുണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്കേറ്റതായും മരണപ്പെട്ടുവെന്നതടക്കമായിരുന്നു വൈറൽ വീഡിയോകൾ വിശദമാക്കിയിരുന്നത്. എന്നാൽ വാഹനം പുറത്തേക്ക് ഇറക്കുമ്പോൾ ആർപിഎം കണക്കുക്കൂട്ടുന്നതിനിടയിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്നും വ്യക്തമാക്കിയാണ് ദില്ലി സ്വദേശിയായ മാനി പവാർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരിക്കുന്നത്. വൈറലായ വീഡിയോകളിൽ വിശദമാക്കുന്ന പരിക്കേറ്റ യുവതി താനാണെന്നും അപകടത്തിൽ തനിക്കോ ഒപ്പമുണ്ടായിരുന്ന കുടുംബത്തിനോ സെയിൽസ് എക്സിക്യുട്ടീവിനോ പരിക്കുകളില്ലെന്നാണ് യുവതി പ്രതികരിക്കുന്നത്.
ആളുകൾ റീച്ച് കിട്ടാനായി അപകട സ്ഥലത്തെ ദൃശ്യങ്ങളുപയോഗിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്നാണ് യുവതി വിശദമാക്കുന്നത്. പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേൽ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നു. 27 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മാനി എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജ നടത്താൻ അവർ തീരുമാനിച്ചു.
പുത്തൻ ഥാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയിൽ നാരങ്ങ വെച്ച് വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം കാർ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടി. ഇതോടെ വാഹനം മുന്നോട്ടു കുതിച്ച് ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.