Central Vista project : സെന്‍ട്രല്‍ വിസ്ത വികസനം; 1289 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Dec 2, 2021, 4:51 PM IST
Highlights

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനായി അനുവദിച്ച 971 കോടിയില്‍ ഇതുവരെ 340.58 കോടി ചെലവായി. നിര്‍മ്മാണം 35 ശതമാനം പൂര്‍ത്തിയായെന്നും 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
 

ദില്ലി: സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് (Central vista project) 1289 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ഭവന-നഗരകാര്യ മന്ത്രി കൗശല്‍ കിഷോറാണ് (Kaushal Kishor) ഇക്കാര്യം ലോക്‌സഭയില്‍ (Loksabha)  അറിയിച്ചത്. പുതിയ പാര്‍ലമെന്റ്, സെന്‍ട്രല്‍ വിസ്ത പുനര്‍ വികസനം, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കെട്ടടങ്ങളുടെ നിര്‍മാണം, വൈസ് പ്രസിഡന്റ് വസതി എന്നിവ മാത്രമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉള്‍പ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാര്‍ലമെന്റ് (New Parliament) കെട്ടിടത്തിനായി അനുവദിച്ച 971 കോടിയില്‍ ഇതുവരെ 340.58 കോടി ചെലവായി. നിര്‍മ്മാണം 35 ശതമാനം പൂര്‍ത്തിയായെന്നും 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ വിസ്ത അവന്യൂ പുനര്‍വികസന പ്രവര്‍ത്തനം 60 ശതമാനം പൂര്‍ത്തിയാക്കി. 190.76 കോടി രൂപ ഇതുവരെ ചെലവായി. 608 കോടിയാണ് പ്രതീക്ഷിത ചെലവ്. പൊതു സെക്രട്ടറിയേറ്റ് കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി ഇതുവരെ 7.85 കോടി രൂപ ചെലവാക്കി. മൂന്ന് കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. 3690 കോടി രൂപയാണ് മൂന്ന് കെട്ടിടങ്ങള്‍ക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ വസതിക്കായി 15 കോടി രൂപ ചെലവാക്കി. 208.48 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനോ സെന്‍ട്രല്‍ വിസ്തയിലെ മറ്റ് കെട്ടിടങ്ങള്‍ക്കോ നല്‍കിയ ലേലത്തില്‍ ഗുണമേന്മയും ചെലവും അടിസ്ഥാനമാക്കിയുള്ള രീതി സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസനത്തിന് മാത്രമാണ് അത്തരമൊരു രീതി അവലംബിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ വിസ്ത വിതസന പദ്ധതി 10,000ലധികം തൊഴിലുകള്‍ സൃഷ്ടിച്ചെന്നും 24.12 ലക്ഷത്തിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സിമന്റ്, സ്റ്റീല്‍, മറ്റ് നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും ഗതാഗതത്തിലും ഗണ്യമായ തൊഴിലവസരങ്ങള്‍ നല്‍കിയതായി സഹമന്ത്രി പറഞ്ഞു. എംപിഎല്‍എഡിഎസ് പദ്ധതിയുമായി സെന്‍ട്രല്‍ വിസ്ത വികസന പദ്ധതിക്ക് ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

click me!