
ദില്ലി: ആർഎസ്എസ് തലവൻ മോഹൻ ഭഗവത് മുസ്ലീംപള്ളിയില്‍ സന്ദര്‍ശനം നടത്തി. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതൻ ഉമർ അഹമ്മദ് ഇല്യാസിയുമായി കൂടിക്കാഴ്ച നടത്താനാണ് കസ്തൂർബാ ഗാന്ധി മാർഗിലുള്ള മസ്ജിദില്‍ ആര്‍എസ്എസ് മേധാവി എത്തിയത്.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആർഎസ്എസ് മേധാവി മുസ്ലീം സമുദായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നത്. . സാമുദായിക സൗഹാർദം ശക്തിപ്പെടുത്തുന്നതിനായി മോഹൻ ഭാഗവത് നേരത്തെ മുസ്ലീം സമുദായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രമുഖ മുസ്ലീം പ്രമുഖരായ ദില്ലി മുൻ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി എന്നിവരുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
നബിനിന്ദ വിദ്വേഷ പ്രസംഗം, ജ്ഞാനവാപി മസ്ജിദ് പ്രശ്നം, വിദ്വേഷ പ്രസംഗത്തിന്‍റെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം എന്നിവ ചർച്ച ചെയ്തതായി യോഗത്തിൽ പങ്കെടുത്ത ഒരു അംഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗഹാർദ്ദപരമെന്നാണ് ആര്‍എസ്എസ് മേധാവി വിളിച്ച യോഗത്തിനെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി നേരത്തെ വിശേഷിപ്പിച്ചത്. ഇന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാൻ മുന്നോട്ട് പോകണം, ഈ ഭിന്നത പരിഹരിക്കാൻ ഇരു സമുദായങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആർഎസ്എസ് മേധാവി പറഞ്ഞതായി എസ് വൈ ഖുറൈഷി യോഗത്തിന് ശേഷം പറഞ്ഞു.
'ആര്‍എസ്എസ് തലവനെ കണ്ടതില്‍ അസ്വാഭാവികതയില്ല'; വിശദീകരണവുമായി ഗവര്‍ണര്‍