
ദില്ലി: സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ആക്ഷേപ ഹാസ്യ ഡിജിറ്റൽ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി (സിജെപി) യെക്കുറിച്ച് പ്രതികരണവുമായി ആർഎസ്എസ്. ജനാധിപത്യ സംവിധാനത്തിൽ തുറന്ന സംവാദങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും സാധാരണമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖായ സുനിൽ അംബേക്കർ പറഞ്ഞു. ഇന്ത്യയിലെ യുവതലമുറ എന്ത് ചെയ്താലും അത് ഭരണഘടനാപരമായ പ്രക്രിയയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ളതാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടേത് ബോധമുള്ള ഒരു സമൂഹമാണെന്നും ജനാധിപത്യ പ്രക്രിയയാണ് നമ്മൾ പിന്തുടരുന്നതെന്നും സുനിൽ അംബേക്കർ പറഞ്ഞു. ആ ജനാധിപത്യ പ്രക്രിയയ്ക്കുള്ളിൽ നമുക്ക് സുതാര്യമായ തെരഞ്ഞെടുപ്പുകളും തുറന്ന മാധ്യമങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയുമുണ്ട്. എല്ലാ ദിവസവും തുറന്ന ചർച്ചാവേദികൾ നടക്കുന്നുണ്ട്. അതിനാൽ, ഒരു ജനാധിപത്യ സംവിധാനത്തിൽ ഏതൊരു ചർച്ചയെയും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനെയും ഒരു ഞെട്ടലായി കാണേണ്ടതില്ലെന്ന് താൻ വിശ്വസിക്കുന്നു. അവ സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭാഷണങ്ങളിൽ ആർഎസ്എസ് പ്രതികരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുനിൽ അംബേക്കർ മറുപടി നൽകി. "ഇവയെല്ലാം സംഭാഷണങ്ങളാണ്, അതിൽ ഉൾപ്പെട്ടിരിക്കുന്നവർ തന്നെ ആ പ്രശ്നങ്ങൾ പരിഹരിക്കും. അവ കൈകാര്യം ചെയ്യാൻ പാകത്തിന് നമ്മുടെ മാധ്യമങ്ങൾ സ്വതന്ത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രാപ്തരാണ്, നമ്മുടെ സ്ഥാപനങ്ങളൊന്നും ദുർബലമല്ല. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവയ്ക്കും നമ്മുടെ വ്യവസ്ഥിതിക്കും ശേഷിയുണ്ട്. അതിനാൽ, ആർഎസ്എസ് ഇത്തരം കാര്യങ്ങളിൽ ഉടനടി ഇടപെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല"- അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ യുവതലമുറ, അഥവാ ജെൻ സി എന്ന് വിളിക്കപ്പെടുന്നവർ വലിയ പ്രതീക്ഷയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ഇന്ത്യയിൽ വലിയ വിശ്വാസമുണ്ട്. അവർ എന്ത് ചെയ്താലും അത് ഭരണഘടനാപരമായ പ്രക്രിയയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ളതാണ്. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അവരുടെ സംഭാവനകൾ. നമ്മുടെ രാജ്യത്തെ യുവാക്കൾ അവരുടെ മുഴുവൻ ഊർജവും ഇതിനായി നിക്ഷേപിക്കുന്നു, അതുകൊണ്ടാണ് രാജ്യം എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുന്നതെന്നും സുനിൽ അംബേക്കർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam