മമത പോയി, സുവേന്ദു വന്നു; ബംഗാളിലെ സിം​ഗൂരിലേക്ക് ടാറ്റാ വീണ്ടും എത്തുമോ? ശ്രമം തുടങ്ങിയെന്ന് ബിജെപി

Published : May 30, 2026, 10:40 AM IST
Tata Group To Bengal

Synopsis

പശ്ചിമ ബംഗാളിലേക്ക് ടാറ്റ ഗ്രൂപ്പിനെ മടക്കിക്കൊണ്ടുവരാൻ ശ്രമം തുടങ്ങിയെന്ന് ബിജെപി. പശ്ചിമ ബം​ഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ പറഞ്ഞു. 

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാൻ ഹൂ​ഗ്ലിയിലെ സിം​ഗൂരിലേക്ക് ടാറ്റ ഗ്രൂപ്പിനെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി. ബം​ഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ടാറ്റ ഗ്രൂപ്പ് തിരികെ വരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഷമിക് ഭട്ടാചാര്യ പറഞ്ഞു. ടാറ്റ മോട്ടോഴ്സിന് ഫാക്ടറി തുടങ്ങാൻ ഇടത് സർക്കാർ ഭൂമി നൽകിയ നടപടിക്കെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവും പിന്നീട് പദ്ധതി ഉപേക്ഷിച്ച് ടാറ്റ മടങ്ങിയതും വലിയ ശ്രദ്ധ നേടിയിരുന്നു.

"ടാറ്റ ഗ്രൂപ്പ് തിരികെ വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അത് സിംഗൂരിലേക്ക് തന്നെ വേണം. പശ്ചിമ ബംഗാൾ നിക്ഷേപസൗഹൃദമാണെന്നും നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാൻ സജ്ജമാണെന്നുമുള്ള സന്ദേശം രാജ്യത്തിനും ലോകം മുഴുവനും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"- ഷമിക് ഭട്ടാചാര്യ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടാറ്റ ബംഗാൾ വിട്ടുപോയതും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റിയതും വളരെ തെറ്റായ സന്ദേശമാണ് നൽകിയതെന്ന് ഷമിക് ഭട്ടാചാര്യ പറഞ്ഞു. പിന്നീട് വന്ന കമ്മീഷൻ സംസ്‌കാരവും സിൻഡിക്കേറ്റ് രാജും അഴിമതിയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ആ തെറ്റായ ധാരണ തിരുത്താൻ തങ്ങൾ ആഗ്രഹിക്കുന്നു. ടാറ്റ ഗ്രൂപ്പ് സിംഗൂരിലേക്കോ ബംഗാളിലേക്കോ ഏതെങ്കിലും രൂപത്തിൽ തിരിച്ചുവരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ആദരിക്കപ്പെടുന്നതും വിശ്വസ്തവുമായ ഗ്രൂപ്പുകളിൽ ഒന്നാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ വിട്ട് ഗുജറത്തിലേക്ക് പോയ ടാറ്റ

പശ്ചിമ ബംഗാൾ രാഷ്ട്രീയ - നിയമ വ്യവഹാരങ്ങൾക്ക് സാക്ഷ്യം വഹിച്ച ടാറ്റ - സിംഗൂർ കേസ് രാജ്യവ്യാപക ശ്രദ്ധ നേടിയ സംഭവമാണ്. 2006ൽ ബംഗാൾ ഭരിച്ചിരുന്ന ഇടത് സർക്കാർ ടാറ്റ മോട്ടോഴ്സിന് നാനോ കാറിൻ്റെ ഫാക്ടറി തുടങ്ങാനായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഉള്ള 997 ഏക്കർ കൃഷി ഭൂമി ഏറ്റെടുത്ത് ലീസിന് കൈമാറിയത് വലിയ വിവാദമായിരുന്നു. ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ഏറ്റെടുത്തതിൽ പ്രതിഷേധിച്ച നാട്ടുകാർ നഷ്ടപരിഹാരം സ്വീകരിക്കാനും തയ്യാറായില്ല.

വിഷയം ഏറ്റെടുത്ത അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനർജി, കോർപറേറ്റിൻ്റെ ആവശ്യത്തിന് വേണ്ടി കർഷകരിൽനിന്ന് ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കാൻ അനുവദിക്കില്ലെന്ന് കാട്ടി വൻ പ്രക്ഷോഭം നയിച്ചു. പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിവെച്ചതോടെ, 2008ൽ പദ്ധതി ഉപേക്ഷിച്ച് ബംഗാൾ വിട്ട ടാറ്റ ഗ്രൂപ്പ് ഗുജറാത്തിലേക്ക് ഫാക്ടറി പറിച്ചുനട്ടു. 2016ൽ സുപ്രീം കോടതി ഭൂമിയേറ്റെടുപ്പ് അനധികൃതമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നടപടി അസാധുവാക്കി. 2023ൽ ടാറ്റ ഗ്രൂപ്പിന് ഉണ്ടായ നഷ്ടത്തിൽ പശ്ചിമ ബംഗാൾ വ്യവസായ വികസന കോർപറേഷനോട് 766 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു.

അതേസമയം സിംഗൂരിൽ വ്യവസായം വരണമെന്ന് നാട്ടുകാരും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. സിംഗൂർ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ബേചാറാം മന്ന ഇത്തവണ ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയം: എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിതെന്ന് അരവിന്ദ് കെജ്രിവാൾ; ഇഡി പാർട്ടി നാമവശേഷമായെന്നും പരിഹാസം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ വഴങ്ങി; വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി