
കൊച്ചി/കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. തിങ്കളാഴ്ച 12 മണിക്കൂർ ജനകീയ നിരാഹാരം നടത്തും. ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരാനും കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗം തീരുമാനിച്ചു.
മുഴുവൻ ദ്വീപുവാസികളെയും സമരമുഖത്ത് സജീവമാക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ഇതിനായി ഓരോ ദ്വീപുകൾ കേന്ദ്രീകരിച്ചും ഫോറത്തിന്റെ കമ്മിറ്റികൾക്ക് രൂപം നൽകും. അതാത് ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തന്നെയായിരിക്കും കമ്മിറ്റികൾ രൂപീകരിക്കുക. തുടർന്ന് എല്ലാ ദ്വീപുകളെയും ഏകോപിപ്പിച്ചു കൊണ്ട് സമരത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 7 ന് മുഴുവൻ ദ്വീപുകളിലും നിരാഹാര സമരം നടക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങും.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കും വരെ വിവിധ പ്രതിഷേധങ്ങളും ഒപ്പം ഹൈക്കോടതിയിൽ നിയമ പോരാട്ടവും തുടരും. ഇതിനായി നിയമ വിദഗ്ധരടങ്ങിയ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നടക്കം ലഭിക്കുന്ന വലിയ പിന്തുണ സമരത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് ഫോറം ഭാരവാഹികൾ പറയുന്നു. ദേശീയതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടതോടെ ദ്വീപ് നിവാസികളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ കൊണ്ടുവരാൻ വേഗം കഴിയുമെന്നും എല്ലാ പാർട്ടികളും കൂട്ടായി രൂപീകരിച്ച കോർ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam