സ്കൂളുകൾക്ക് അവധി, ഇന്‍റർനെറ്റ് റദ്ദാക്കി, 2500 പൊലീസുകാരെ വിന്യസിച്ചു; മതഘോഷ നടക്കാനിരിക്കെ നൂഹിൽ അതീവ സുരക്ഷ

Published : Jul 14, 2025, 09:32 AM IST
Braj Mandal Yatra Nuh

Synopsis

ഹരിയാനയിലെ നൂഹിൽ മത ഘോഷയാത്രയെ തുടർന്ന് ഇന്‍റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 2500 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു.

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിൽ ഇന്‍റർനെറ്റ് സേവനങ്ങൾ, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവ റദ്ദാക്കി. ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകി. മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം. 2500 സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. രണ്ടു വർഷം മുമ്പ് നടന്ന സംഘർഷം കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് അധികൃതർ അറിയിച്ചു.

ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. 2023-ലെ ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിക്കുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഘോഷയാത്രയുടെ വിവിധ സ്ഥലങ്ങളിലായി 28 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കർശന പരിശോധനയ്ക്കൊപ്പം വീഡിയോ ചിത്രീകരണവും നടത്തും. സ്നിഫർ ഡോഗ്സ്, ബോംബ് സ്ക്വാഡുകൾ, നാല് ഡ്രോണുകൾ, കമാൻഡോ യൂണിറ്റുകൾ എന്നിവയും പരിശോധനയിൽ പങ്കാളികളാവും.

ലൈസൻസുള്ള തോക്കുകൾ, വാളുകൾ, ദണ്ഡുകൾ, കത്തികൾ, ചങ്ങലകൾ ഉൾപ്പെടെ എല്ലാത്തരം ആയുധങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ വിശ്രാം കുമാർ മീണ ഉത്തരവിറക്കി. സിഖ് സമുദായക്കാർ മതപരമായ ചിഹ്നമായി ധരിക്കുന്ന കൃപാണിന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കൻവർ റൂട്ടിലെ ഇറച്ചിക്കടകൾ ജൂലൈ 24 വരെ അടച്ചിടും. ഗോ രക്ഷാപ്രവർത്തകൻ ബിട്ടു ബജ്രംഗിക്ക് യാത്രയിൽ പങ്കെടുക്കാൻ അനുമതിയില്ല. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.

നൂഹ് ജില്ലയിലെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച രാവിലെ 6 മണി മുതൽ 12 മണി വരെ കുപ്പികളിലോ പാത്രങ്ങളിലോ പെട്രോൾ, ഡീസൽ എന്നിവ നൽകില്ല. തെറ്റിദ്ധാരണകളും കിംവദന്തികളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സഞ്ജയ് കുമാർ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ