
മുംബൈ: ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർക്കും അവരുടെ ഭാര്യമാർക്കുമെതിരെ അശ്ലീല സന്ദേശങ്ങളും ഉള്ളടക്കവും അയച്ചതിന് യുവാവിനെതിരെ കേസ്. കാന്തിവാലിയിലെ സംമ്ത നഗറിലുള്ള ഒരു ആഢംബര ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി സൊസൈറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന വിനോദ് വർമ്മയാണ് കേസിൽ പ്രതി.
കഴിഞ്ഞ ഒക്ടോബർ 10ന് സൊസൈറ്റിയുടെ ഔദ്യോഗിക ഇമെയിൽ ഐഡി ഉപയോഗിച്ച്, കമ്മിറ്റി അംഗങ്ങളായ 16 പേർക്ക് വിനോദ് അശ്ലീലവും വളരെ മോശവുമായ സന്ദേശങ്ങൾ അയച്ചതായാണ് ആരോപണം. ഒരു കമ്മിറ്റി അംഗത്തിന്‍റെ ഭാര്യയെക്കുറിച്ചായിരുന്നു സന്ദേശം. സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങളോട് ഇദ്ദേഹം നേരത്തെയും അനുചിതവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചിരുന്നതായി പരാതിക്കാരൻ പറഞ്ഞു.
മോശം പെരുമാറ്റത്തിന്‍റെ പേരിൽ വിനോദിനെതിരെ പൊലീസ് നടപടിയെടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. 2023-ൽ, ഇതേ സൊസൈറ്റിയിലെ ഒരു സ്ത്രീയെ പിന്തുടരുക, ലൈംഗികമായി പ്രകോപിപ്പിക്കുന്ന സന്ദേശങ്ങൾ അയയ്‌ക്കുക, സ്വന്തം ഫ്ലാറ്റിലേക്ക് ക്ഷണിക്കുക തുടങ്ങിയ ആരോപണങ്ങളിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പ്രാദേശിക ബിജെപി ഭാരവാഹിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് വിനോദ് എപ്പോഴും അഹങ്കരിക്കാറുണ്ടെന്നും സൊസൈറ്റി അംഗങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നവർക്ക് നേരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും, സൊസൈറ്റിയിലെ സ്ത്രീകളെ ലക്ഷ്യമാക്കി അശ്ലീല കമന്‍റുകൾ പറയുകയും ചെയ്യാറുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
സ്ത്രീകൾക്ക് മാനഹാനി ആംഗ്യങ്ങൾക്കോ പ്രവൃത്തികൾക്കുമോ ഉള്ള ബിഎൻഎസ് സെക്ഷൻ 79, അപകീർത്തിപ്പെടുത്തലിനുള്ള ബിഎൻഎസ് സെക്ഷൻ 356(2), കൂടാതെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ കുറ്റകരമാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് സംമ്ത നഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam