
ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ 19 പേർ വെന്തുമരിച്ചു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസാണ് പൊടുന്നനെ തീപിടിച്ച് വൻ ദുരന്തമായി മാറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ യാത്ര ആരംഭിച്ച ബസ് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ തായത്ത് ഗ്രാമത്തിന് സമീപം പിന്നിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ബസിൽ 57 യാത്രക്കാരുണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായതും ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ജയ്സാൽമീർ ജവഹർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും എയർകണ്ടീഷനിങ് സിസ്റ്റത്തിൽ നിന്നാകാം തീ ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗ്രാമവാസികളും മറ്റ് വാഹനയാത്രക്കാരും ചേർന്ന് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. പിന്നീട് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ചൊവ്വാഴ്ച രാത്രി വൈകി ജയ്സാൽമീറിലെത്തി. അപകടത്തിൽ തകർന്ന ബസടക്കം അദ്ദേഹം പരിശോധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാജസ്ഥാനെ കണ്ണീരിലാഴ്ത്തിയ ദുരന്തമാണ് ഇതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.