കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാകിസ്ഥാന് ഗുണം ചെയ്യും; വിമര്‍ശനവുമായി ശരദ് പവാര്‍

By Web TeamFirst Published Sep 15, 2020, 4:49 PM IST
Highlights

കയറ്റുമതി നിരോധിച്ചത് കര്‍ഷകര്‍ക്ക് ദോഷകരമാകുമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആശങ്കപ്പെട്ടു. മഹാരാഷ്ട്രയെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു.
 

മുംബൈ: ഉള്ളി കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പാകിസ്ഥാനടക്കമുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഉള്ളി വില 30 രൂപ കടന്നതോടെയാണ് വില നിയന്ത്രിക്കുന്നതിനായി എല്ലാത്തരം ഉള്ളികളുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചത്. 

ഉള്ളിക്കയറ്റുമതി നിരോധനവുമായി ബന്ധപ്പെട്ട് വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി സംസാരിച്ചെന്നും പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നും ശരദ് പവാര്‍ അറിയിച്ചു. നിരോധനം ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്കാളിത്തം കുറക്കും. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പാകിസ്ഥാനടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

നിരോധനം മഹാരാഷ്ട്രയിലെ ഉള്ളിക്കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. നിരോധന തീരുമാനത്തിന് ശേഷം നിരവധി ജനപ്രതിനിധികള്‍ എന്നെ ബന്ധപ്പെട്ടു. ഉള്ളി കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ ഉള്ളിവില ഉയരാറുണ്ട്. കിലോക്ക് ശരാശരി 20 രൂപയാകേണ്ട സ്ഥാനത്ത് 35-40 ആയതോടെയാണ് കേന്ദ്രം പൊടുന്നനെ കയറ്റുമതി നിരോധിച്ചത്. 

കയറ്റുമതി നിരോധിച്ചത് കര്‍ഷകര്‍ക്ക് ദോഷകരമാകുമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആശങ്കപ്പെട്ടു. മഹാരാഷ്ട്രയെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു. തീരുമാനം തിരുത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും മഹാരാഷ്ട്രയിലെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രധാന ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കനത്ത മഴ വിളവിനെ ബാധിച്ചിരുന്നു. 
 

click me!