കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി തീരുന്നു; 'രാഷ്ട്രപതി ഭരണ'മെന്ന ബിജെപി ഭീഷണിക്ക് സേനയുടെ തിരിച്ചടി

By Web TeamFirst Published Nov 2, 2019, 1:42 PM IST
Highlights

കാവൽ സർക്കാരിന്‍റെ കാലാവധി നവംബ‍ർ എട്ടിന് തീരും. ഏഴിനുള്ളിൽ ശിവസേനയുമായി ധാരണയായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാവുമെന്നാണ് ബിജെപി നേതാവ് സുധീർ മുൻഗൻതീവാർ പറഞ്ഞത്

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനത്തിനായി ശിവസേന ബിജെപി പോര് മുറുകുന്നു. ധാരണയായില്ലെങ്കിൽ രാഷ്ട്രപതി ഭരണം വേണ്ടിവരുമെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ ശിവസേന നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ബിജെപി ഓഫീസിൽ നിന്നാണോ രാഷ്ട്രപതി ഭരണം നടത്താൻ പോവുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. വോട്ട് ചെയ്ത ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് മുഖപത്രമായ സാമ്നയിൽ ലേഖനവും എഴുതിയിട്ടുണ്ട്.

കാവൽ സർക്കാരിന്‍റെ കാലാവധി നവംബ‍ർ എട്ടിന് തീരും. ഏഴിനുള്ളിൽ ശിവസേനയുമായി ധാരണയായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാവുമെന്നാണ് ബിജെപി നേതാവ് സുധീർ മുൻഗൻതീവാർ ഇന്നലെ പറഞ്ഞത്. രാഷ്ട്രപതി ബിജെപിയുടെ പോക്കറ്റിലാണോയെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ഭരണത്തിനുള്ള സ്റ്റാമ്പ് ബിജെപി ഓഫീസിൽ നിന്നാവുമോ നൽകുന്നതെന്ന് കൂടി പറയണമെന്നും അദ്ദേഹം പരിഹസിച്ചു.

ജനാധിപത്യ വിശ്വാസികളോട് പ്രസ്താവന നടത്തിയ ആൾ മാപ്പ് പറയണമെന്നായിരുന്നു സാമ്നയിലെ മുഖപ്രസംഗം. എന്നാൽ 
മുഖ്യമന്ത്രിസ്ഥാനം നൽകില്ലെന്ന ഉറപ്പിച്ച ബിജെപി മന്ത്രിസ്ഥാനങ്ങൾ പങ്കുവയ്ക്കുന്നതിലും കടുപിടുത്തം തുടരുന്നതായാണ് വിവരം. ഇതോടെയാണ് അനുനയ പാത വിട്ട് സേനയും യുദ്ധപ്രഖ്യാപനം നടത്തുന്നത്.

ശരദ് പവാറുമായി ഉദ്ദവ് താക്കറെ നടത്തിയ ചർച്ചയിൽ ചില ഉറപ്പുകൾ കിട്ടിയെന്ന് സേനാ വൃത്തങ്ങൾ പറയുന്നു. സഖ്യ സർക്കാരുണ്ടാവില്ലെന്ന് എൻഡിഎയ്ക്കുള്ളിൽ തീരുമാനമായ ശേഷം പരസ്യ നീക്കങ്ങൾ മതിയെന്നാണ് ശരദ് പവാറിന്‍റെ തീരുമാനം. തിങ്കളാഴ്ച സോണിയാ ഗാന്ധിയുമായി ദില്ലിയിൽ നടത്തുന്ന ചർച്ചകളിൽ മുന്നണിയുടെ പൊതു നിലപാട് തീരുമാനിക്കും.
 സർക്കാരുണ്ടാക്കാൻ ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിലും പ്രതിപക്ഷം തിങ്കളാഴ്ച തീരുമാനത്തിലെത്തിയേക്കും. 

click me!