ഒടുവിൽ നിതിൻ ഗഡ്കരി തന്നെ സമ്മതിച്ചു, എഥനോൾ ചേർത്ത ഇന്ധനം മൈലേജ് കുറയ്ക്കും; വാഹനം കേടാകുമെന്ന പ്രചാരണം വ്യാജമെന്നും മന്ത്രി

Published : Jul 09, 2026, 09:05 PM IST
Nitin Gadkari Signs Off on E100 Fuel Initiative

Synopsis

പെട്രോളിൽ എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സമ്മതിച്ചു. എന്നാൽ, എഞ്ചിന് കേടുപാടുകൾ സംഭവിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും, ഇന്ധന ഇറക്കുമതി കുറച്ച് രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂ‍ഡൽഹി: പെട്രോളിൽ എഥനോൾ ചേർക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് കുറയുന്നുണ്ടെന്ന വസ്‌തുത ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ ഇന്ധനത്തിന്‍റെ ഉപയോഗം മൂലം വാഹനങ്ങളുടെ എഞ്ചിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗഡ്കരി സർക്കാരിന്‍റെ എഥനോൾ നയത്തെ പ്രതിരോധിച്ചതും ഭാവി പദ്ധതികൾ വിശദീകരിച്ചതും.

മൈലേജ് കുറയാനുള്ള കാരണം രാസമാറ്റം

പെട്രോളും എഥനോളും തമ്മിലുള്ള കലോറിഫിക്കേഷൻ മൂല്യത്തിലെ വ്യത്യാസമാണ് മൈലേജ് കുറയാൻ പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിലെ കനത്ത ട്രാഫിക്കും തുടർച്ചയായ ബ്രേക്കിംഗും മൈലേജ് കുറയുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, 'ഫ്ലെക്സ്-ഫ്യുവൽ' എഞ്ചിനുകൾക്കായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളിൽ മൈലേജ് കാര്യക്ഷമത കുറയുന്നില്ല. അതുകൊണ്ട് തന്നെയാണ് രാജ്യം ഫ്ലെക്സ്-എഞ്ചിൻ സാങ്കേതികവിദ്യയിലേക്ക് അതിവേഗം മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനം കേടാകുമെന്നത് വ്യാജ പ്രചാരണം

ഇ20 (E20 - 20% എഥനോൾ ചേർത്ത പെട്രോൾ) ഇന്ധനം കാരണം രാജ്യത്ത് ഒരു കാറിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഗഡ്കരി ഉറപ്പിച്ചു പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ബോധപൂർവ്വം ചമച്ചെടുത്ത വ്യാജ വാർത്തകളാണ്. നിരവധി ഘട്ടങ്ങളിലെ കടുത്ത പരിശോധനകൾക്ക് ശേഷമാണ് കഴിഞ്ഞ വർഷം ഇ20 ഇന്ധനം രാജ്യവ്യാപകമായി അവതരിപ്പിച്ചത്.

പഴയ വാഹനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ തേയ്മാനങ്ങൾ പരിഹരിക്കാൻ വാഹന നിർമ്മാതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പഴയ കാറുകളുടെ സർവീസിംഗ് സമയത്ത്, മെറ്റൽ വാഷറുകൾക്ക് പകരം പുതിയ റബ്ബർ വാഷറുകൾ യാതൊരു അധിക ചിലവുമില്ലാതെ ഉപഭോക്താക്കൾക്ക് മാറ്റി നൽകുന്നുണ്ട്. മാത്രമല്ല, എഥനോളിന് ആന്‍റി-നോക്കിംഗ് ഗുണങ്ങളും ഉയർന്ന ഒക്ടേൻ നമ്പറും ഉള്ളതിനാൽ ഇത് വാഹനങ്ങളുടെ പെർഫോമൻസ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടാറ്റ, മഹിന്ദ്ര, ഹ്യുണ്ടായ്, ടൊയോട്ട, മാരുതി സുസുക്കി തുടങ്ങിയ മുൻനിര കമ്പനികൾ ഇപ്പോൾ ഫ്ലെക്സ്-ഫ്യുവൽ മോഡലുകൾ നിർമ്മിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ധന ഇറക്കുമതിക്ക് അന്ത്യമാകും

പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതകൾ കണക്കിലെടുക്കുമ്പോൾ വിദേശ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഇതിനായി വൻ പദ്ധതികളാണ് സർക്കാർ അണിയറയിൽ ഒരുക്കുന്നത്. കർണാടകയിൽ അശോക് ലെയ്‌ലൻഡുമായി സഹകരിച്ച് 15 ശതമാനം മെഥനോൾ-ഡീസൽ മിശ്രിതത്തിൽ 25 ബസുകൾ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി. ഡീസലിന് ലിറ്ററിന് 110 രൂപയുള്ളപ്പോൾ, അസം പെട്രോ-കെമിക്കൽസ് വെറും 20-22 രൂപയ്ക്കാണ് മെഥനോൾ ഉത്പാദിപ്പിക്കുന്നത്.

എഥനോളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഐസോ-ബ്യൂട്ടനോൾ ട്രാക്ടറുകൾ, കൊയ്ത്തുയന്ത്രങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ എന്നിവയിലെ ഡീസലിന് പകരമായി ഉപയോഗിക്കാം (എഥനോൾ നേരിട്ട് ഡീസൽ എഞ്ചിനുകളിൽ ഉപയോഗിക്കാൻ കഴിയില്ല). ജനറേറ്ററുകൾ സിഎൻജി, എഥനോൾ, മെഥനോൾ എന്നിവയിലേക്ക് മാറ്റും. നിലവിൽ പ്രതിവർഷം 2 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. തദ്ദേശീയ ഇന്ധനങ്ങളിലേക്ക് മാറുന്നതോടെ ഈ ഭീമമായ തുക ലാഭിക്കാനും മലിനീകരണം ഗണ്യമായി കുറയ്ക്കാനും സാധിക്കും. ഇന്ത്യയെ ഇന്ധന സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രി തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാവിലെ 10 മണിയ്ക്ക് എല്ലാം ശടപടേന്ന് തകര്‍ന്നുവീണു, പണി തീർന്നത് ഒരുവർഷം മുമ്പ്, ദേശീയപാതയിലെ ഫ്ലൈ ഓവര്‍ തകർന്നു, വിചിത്ര വാദവുമായി കോൺ​ട്രാക്ടർ
മമതയ്ക്ക് കനത്ത പ്രഹരം; സുഷ്മിത ദേവ് അടക്കം മൂന്ന് മുൻ തൃണമൂൽ എംപിമാർ ബിജെപിയിൽ ചേർന്നു