ഭരണഘടനാ ദിനത്തിൽ പ്രതിപക്ഷം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു; കോൺഗ്രസ് ഭരണഘടനാ സംരക്ഷണ മാർച്ചും കർഷകരും ഇടതുപക്ഷവും പ്രതിഷേധങ്ങളും നടത്തി.
ഡൽഹി: ഭരണഘടനാ ദിനത്തിൽ എസ്ഐആർ വിരുദ്ധ സമരം സജീവമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. എസ്ഐആർ വിരുദ്ധ കൂട്ടായ്മയും സംയുക്ത കിസാൻ മോർച്ചയും ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംവിധാൻ ഗൗരവ് ദിവസ് സംഘടിപ്പിച്ചായിരുന്നു ബിജെപി മറുപടി. ഇടവേളയ്ക്ക് ശേഷം സമരങ്ങൾ സജീവമാക്കി പ്രതിപക്ഷം. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. ദില്ലിയിൽ കെസി വേണുഗോപാൽ എംപിയാണ് മാർച്ച് നയിച്ചത്. ല്കനൗവിൽ മല്ലികാർജുൻ ഖർഗെയും പങ്കെടുത്തു. ബിജെപി ഭരണഘടനയെ അപമാനിക്കുകയും, പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കുകയുമാണെന്ന് കെസി വിമർശിച്ചു.
എസ്ഐആർ റദ്ദാക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്ഐആർ വിരുദ്ധ കൂട്ടായ്മ മന്ദിർ മാർഗിൽ പ്രതിഷേധിച്ചത്. നേഹ ബോറ ആനി രാജ പികെ ശ്രീമതി അടക്കം ഇടത് വനിതാ നേതാക്കളും പങ്കെടുത്തു. ജന്തർ മന്തറിലേക്ക് മാർച്ചിന് ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച കാളിബാരി മാർഗിലാണ് മാർച്ച് നടത്തിയത്. കേന്ദ്രസേനയെ അടക്കം വിന്യസിച്ച് മാർച്ച് തടഞ്ഞു. ഇടയ്ക്ക് പോലീസും നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. രാഷ്ട്രപതിക്ക് നൽകാനുള്ള നിവേദനം ഡിസിപിക്ക് കൈമാറിയാണ് സമരക്കാർ പിരിഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമരത്തിനായി ദില്ലിയിലേക്ക് വന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും നേതാക്കൾ പരാതിപ്പെട്ടു.
ഭരണഘടനയെ കുറിച്ച് പറയുന്നവർ ആദ്യം അതിനെ ബഹുമാനിക്കണമെന്ന് ദില്ലിയിൽ സംവിധാൻ ഗൗരവ് ദിവസ് പരിപാടിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രതിപക്ഷത്തെ വിമർശിച്ചു. വരും ദിവസങ്ങളിലും സമരങ്ങൾ തുടരും. ഡിസംബർ 1 മുതൽ സിഐടിയുവിന്റെ നേതൃത്ത്വത്തിൽ പാർലമെന്റ് മാർച്ചും, സിപിഐ ജയിൽ നിറയ്ക്കൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
















