
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടാണ് റിപ്പോർട്ട് നൽകിയത്. അന്തിമ റിപ്പോർട്ട് ഞായറാഴ്ച നൽകും. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ കുംഭമേളക്കാലത്തെന്നാണ് റിപ്പോർട്ടിൽ സൂചന. ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്രം ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശമുണ്ട്. ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. ചമ്പത് റായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കർസേവകന്‍റേതടക്കം മൂന്ന് പേരുടെ പരാതി അയോധ്യ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്.
അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വഴിപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേടും ഫണ്ട് തിരിമറിയും നടന്നതായുള്ള പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തൽ വന്നിരുന്നു. ക്ഷേത്രത്തിലെ ശേഖരത്തിൽ നിന്നും 60 കിലോ ഗ്രാം വെള്ളി കട്ടകൾ കാണാതായതായും ഇവയുടെ യാതൊരുവിധ രേഖകളും ക്ഷേത്ര അധികൃതരുടെ പക്കലില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ 'പ്രാൺ പ്രതിഷ്ഠ' സമയത്ത് രാം ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഈ വെള്ളി കട്ടകളുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഈ വെള്ളി കട്ടകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതർക്ക് ഇതുവരെ ഇതിന്‍റെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. വെള്ളി കട്ടകൾ സ്വീകരിച്ചത്, സൂക്ഷിച്ചുവെച്ചത് അല്ലെങ്കിൽ ഉപയോഗിച്ചത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. എന്നാൽ ഈ വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ തങ്ങളുടെ പക്കൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്‍റെ കൃത്യമായ രസീത് ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. രാജ്യത്തുടനീളമുള്ള സ്വർണ്ണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകൾ തയാറാക്കി ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് ഇവ കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ വെള്ളി കട്ടകൾ നിലവിൽ എവിടെയാണെന്നും അവ ഔദ്യോഗിക സ്റ്റോക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായി രാംശങ്കർ യാദവ് എന്ന ടിന്നു, കൃഷ്ണദേവ് തിവാരി എന്നിവരെയും രാം ലല്ലയുമായി ബന്ധപ്പെട്ട നാല് പൂജാരിമാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ആഭരണങ്ങളുടെയും വഴിപാടുകളുടെയും മേൽനോട്ട ചുമതലയുള്ള തിവാരി, വെള്ളി കട്ടകളെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും നിഷേധിച്ചു. കൂടാതെ നിലവിൽ അന്വേഷണ പരിധിയിലുള്ള കാണാതായ മാലയെക്കുറിച്ചോ ഭഗവാന്‍റെ പാദുകങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും അദ്ദേഹം മൊഴി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam