
ബെംഗളൂരു: കുപ്രസിദ്ധമായ ബെംഗളൂരു റിങ് റോഡ് കൊലക്കേസിൽ പ്രതികളുടെ ദയാഹർജി തള്ളാൻ കർണാടക മന്ത്രിസഭ ശുപാർശ ചെയ്തു. പ്രതികളായ ശുഭ ശങ്കരനാരായണൻ, അരുൺ വർമ എന്നിവരുടെ ദയാഹർജികൾ തള്ളാനാണ് മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തത്.
പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണൻ, കാമുകനായ അരുൺ വർമ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ൽ കർണാടക ഹൈക്കോടതിയും 2025-ൽ സുപ്രീംകോടതിയും ശരിവെച്ചു. എന്നാൽ, ശുഭയ്ക്കും അരുണിനും ഗവർണർക്ക് ഹർജി നൽകാൻ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഗവർണർക്ക് ദയാഹർജി നൽകിയത്. തുടർന്ന് ഗവർണർ ദയാഹർജിയിൽ മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു.
2003 ഡിസംബർ മൂന്നിനാണ് പ്രതിശ്രുത വരനായ ബി വി ഗിരീഷിനെ ശുഭയും അരുണും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. ബെംഗളൂരു റിങ് റോഡിൽവെച്ചായിരുന്നു. ഇതിനാലാണ് ഗിരീഷിന്റെ കൊലക്കേസ് റിങ് റോഡ് കൊലക്കേസ് എന്ന് അറിയപ്പെട്ടത്.
ബെംഗളൂരുവിൽ നിയമവിദ്യാർഥിനിയായിരുന്ന ശുഭയും കോളേജിലെ ജൂനിയറായ അരുണം തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഇതിനെ മറികടന്ന് വീട്ടുകാർ ഗിരീഷുമായി ശുഭയുടെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയവും നടത്തി. ഇതിനുപിന്നാലെയാണ് ശുഭയും കാമുകനും കൊലപാതകം ആസൂത്രണംചെയ്തത്.
ഇന്റലിലെ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു കൊല്ലപ്പെട്ട ഗിരീഷ്. 2003 നവംബർ 30-നായിരുന്നു ഗിരീഷിന്റെയും ശുഭയുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം ആലോചിച്ചുറപ്പിച്ചത്. അന്ന് അഞ്ചാംസെമസ്റ്റർ എൽഎൽബി വിദ്യാർഥിനിയായിരുന്നു ശുഭ. എന്നാൽ, ഗിരീഷുമായുള്ള വിവാഹനിശ്ചയം നടക്കുമ്പോഴും കോളേജിലെ ജൂനിയറായ അരുണുമായി ശുഭയ്ക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇക്കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
ശുഭയും കാമുകനും മുൻകൂട്ടി ആസൂത്രണംചെയ്തത് പ്രകാരം 2003 ഡിസംബർ മൂന്നിനാണ് പ്രതികൾ ഗിരീഷിനെ കൊലപ്പെടുത്തിയത്. സംഭവദിവസം രാത്രി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാനായി ഗിരീഷ് പ്രതിശ്രുത വധുവായ ശുഭയെ ക്ഷണിച്ചിരുന്നു. തുടർന്ന് ഇരുവരും ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. ഇതിനുശേഷം തനിക്ക് എച്ച്എഎൽ വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാണണമെന്ന് ശുഭ ഗിരീഷിനോട് പറഞ്ഞു. തുടർന്ന് പ്രതിശ്രുത വധുവിന്റെ ആഗ്രഹപ്രകാരം ഗിരീഷ് ശുഭയെ ഇന്നർ റിങ് റോഡിലെ വിമാനത്താവള വ്യൂപോയിന്റിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും വിമാനങ്ങൾ കണ്ടുകൊണ്ടിരിക്കെയാണ് ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഒരു സംഘം ഗിരീഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. വെങ്കിടേഷ്, ദിനേശ് എന്നിവരാണ് ബൈക്കിലെത്തി ഗിരീഷിനെ ആക്രമിച്ചത്. മർദനത്തിൽ ഗുരുതരപരിക്കേറ്റ ഗിരീഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. തുടർന്ന് വിവേക്നഗർ പൊലീസ് ഇൻസ്പെക്ടർ കെ എ നാനയ്യയുടെ നേതൃത്വത്തിൽനടത്തിയ അന്വേഷണത്തിലാണ് ശുഭയും കാമുകനുമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam