Asianet News MalayalamAsianet News Malayalam

രാജ്യം കണ്ട സമാനതകളില്ലാത്ത സമരം; ഇനി ശ്രദ്ധാകേന്ദ്രം പാര്‍ലമെന്‍റ് സമ്മേളനം, പ്രതിപക്ഷം വിഷയം സജീവമാക്കും

ഒരു വര്‍ഷത്തിനിപ്പുറം പാര്‍ലെമന്‍റ് ചേരുമ്പോള്‍ എന്തിന് നിയമങ്ങള്‍ കൊണ്ടുവന്നെന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടി നല്‍കേണ്ടി വരും. 29 മുതല്‍ ഡിസംബര്‍ 23 വരെ ചേരുന്ന ശൈത്യകാല സമ്മേളനത്തില്‍ നിയമം പിന്‍വലിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരും. 

opposition will raise farm law subject in parliament
Author
Delhi, First Published Nov 19, 2021, 3:04 PM IST

ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ (central government) പ്രഖ്യാപിച്ചതോടെ ഇനി ശ്രദ്ധാ കേന്ദ്രമാകുന്നത് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനമാണ്. ബില്‍ അവതരണ വേളയില്‍ ചര്‍ച്ചകള്‍ വിലക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലായതിനെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ആയുധമാക്കും. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കര്‍ഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് നിയമങ്ങളെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ അവകാശവാദത്തെ തള്ളിയ പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു. സഭയില്‍ ബഹളമായതിനാല്‍ വോട്ടെടുപ്പ് നടക്കില്ലെന്നും ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കാമെന്നുമുള്ള രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശിന്‍റെ നിലപാട് പ്രതിപക്ഷ പാര്‍ട്ടികളെ കൂടുതല്‍ പ്രകോപിതരാക്കിയിരുന്നു. 

തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന്‍ മൈക്ക് പിടിച്ച് വലിച്ചതും റൂള്‍ബുക്ക് കീറിയെറിയുകയും ചെയ്തു. മാര്‍ഷല്‍മാര്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. ഒടുവില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം എട്ട് പേരെ സസ്പെന്‍ഡ് ചെയ്തതിനും രാജ്യസഭ സാക്ഷിയായി. ശബ്ദവോട്ടോടെ പാസാക്കിയ ബില്‍ അംഗീകരിക്കരുതെന്ന് രാഷ്ട്രപതിയോട് പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രിയും തറപ്പിച്ചു പറഞ്ഞു. സെപ്റ്റംബര്‍ 27 ന് നിയമങ്ങള്‍ നിലവില്‍ വന്നതോടെ രാജ്യം കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധമായിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം പാര്‍ലെമന്‍റ് ചേരുമ്പോള്‍ എന്തിന് നിയമങ്ങള്‍ കൊണ്ടുവന്നെന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടി നല്‍കേണ്ടി വരും. 29 മുതല്‍ ഡിസംബര്‍ 23 വരെ ചേരുന്ന ശൈത്യകാല സമ്മേളനത്തില്‍ നിയമം പിന്‍വലിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരും. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമങ്ങള്‍ പിന്‍വലിക്കപ്പെടും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ പൗരത്വ നിയമഭേദഗതി, ജമ്മുകശ്മീര്‍ പുനസംഘടന തുടങ്ങിയ വിവാദ വിഷയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകകാനാണ് പ്രതിപക്ഷ നീക്കം.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്പോഴാണ് ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. കര്‍ഷകരുടെ നന്മയ്ക്കായിട്ടായിരുന്നു നിയമങ്ങള്‍ കൊണ്ടുവന്നത്. ആത്മാര്‍ത്ഥതയോടെ ചെയ്ത് കാര്യങ്ങള്‍ ചില കര്‍ഷകര്‍ തെറ്റിദ്ധരിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപോകണമെന്നും അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

എന്നാല്‍ പ്രധാനമന്ത്രിയുടെ  അഭിസംബോധന കൊണ്ടുമാത്രം പിന്നോട്ടില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പുവരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. വരുന്ന ഇരുപത്തിയാറിന് സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാക്കും വരെ  സമരഭൂമികളില്‍ കര്‍ഷകര്‍ തുടരും. നിയമം പിന്‍വലിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത കേന്ദ്രം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുതന്നെയാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും രണ്ടഭിപ്രായമുയര്‍ന്നതും പിന്നോട്ടില്ലെന്ന നിലപാടെടുത്ത സര്‍ക്കാരിനെ രണ്ടാമതൊന്നാലോചിപ്പിച്ചു.

Follow Us:
Download App:
  • android
  • ios