Asianet News MalayalamAsianet News Malayalam

Farm Law| ഒരു വർഷം നീണ്ട ഐതിഹാസിക സമരം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം- കർഷക സമര നാൾവഴികൾ

സുപ്രീം കോടതി ഇടപെടൽ അടക്കം ഉണ്ടായിട്ടും ഒരു ഘട്ടത്തിലും ഭേദഗതിയല്ലാതെ പിൻവലിക്കില്ല എന്നതിൽ ഉറച്ച് നിന്ന കേന്ദ്ര സർക്കാരിന് ഏറ്റവും ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരികയായിരുന്നു.  

 

central government decided to cancel 3 Farm Laws after one year farmers protest
Author
delhi, First Published Nov 19, 2021, 11:09 AM IST

ദില്ലി: കർഷകരുടെ (farmers) ഒരു വർഷത്തിലധികം നീണ്ട ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായാണ് കാർഷിക നിയമങ്ങൾ (farm law) പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി (bjp) സർക്കാർ എത്തിയത്. സുപ്രീം കോടതി (supreme court) ഇടപെടൽ അടക്കം ഉണ്ടായിട്ടും ഒരു ഘട്ടത്തിലും ഭേദഗതിയല്ലാതെ പിൻവലിക്കില്ല എന്നതിൽ ഉറച്ച് നിന്ന കേന്ദ്ര സർക്കാരിന് ഏറ്റവും ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരികയായിരുന്നു.  

നിയമം തങ്ങൾക്കുവേണ്ടിയുളളതല്ലെന്നും പിൻവലിക്കാതെ മടങ്ങില്ലെന്നും പ്രഖ്യാപിച്ച്  തെരുവിലിറങ്ങിയ കർഷകർക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളുമെത്തിയെങ്കിലും സമരം കർഷകരുടേതാണെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നുമായിരുന്നു കർഷകരുടെ പ്രതികരണം. എന്നാൽ എല്ലാ ഘട്ടങ്ങളിലും പ്രതിപക്ഷത്തിന്റെ പിന്തുണ കർഷകർക്ക് ഒപ്പമുണ്ടായിരുന്നു. 

Farm Law| 'കർഷക വിജയം', കേന്ദ്ര സർക്കാർ മുട്ടുമടക്കി, കാർഷിക നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി

കാർഷിക നിയമം- സമര നാൾവഴികൾ 

2020  സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ  പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി. 

പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി,  ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു.  സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന്  കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു.  നവംബർ 26ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി. 

ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്. ഡിസംബർ 3 നായിരുന്നു സർക്കാറിന്റെ കർഷകരുമായുള്ള  ആദ്യ ചർച്ച. നിയമം പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചാണ് കേന്ദ്ര സർക്കാർ പ്രതിനിധികളെത്തിയത്. പിന്നീടുള്ള ചർച്ചകളിൽ നിയമത്തിൽ ഭേദഗതികളാകാം എന്ന നിലയിലേക്ക് കേന്ദ്രസർക്കാരെത്തി. എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചായിരുന്നു കർഷകർ. 

കാർഷിക നിമയത്തിനെതിരെ കർഷകർ സുപ്രീം കോടതിയിലേക്ക് നീങ്ങി. ഡിസംബർ 11  ന് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായി ഡിസംബർ 16 ന്  കർഷകരും സർക്കാറുമായി ചർച്ചയ്ക്ക് സുപ്രീം കോടതി സമിതി രൂപീകരിച്ചു. പിന്നാലെ 2021  ജനുവരി 12 ന് നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26 ന്  റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ  ട്രാക്ടർ മാർച്ച് നടത്തി. അത് വലിയ സംഘർഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തി എത്തി. ഫെബ്രുവരി 6 ന്  കർഷകരുടെ ദേശ വ്യാപക ചക്ര സംതംഭന സമരം നടന്നു. മാർച്ച് 5 ന് 2021  നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മാർച്ച് 8 നാണ് സിംഗു അതിർത്തിൽ വെടിവയ്പ്പ് ഉണ്ടായത്.  ഓഗസ്റ്റ് 7 ന് 2021 സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാർട്ടികളെത്തി. ഒടുവിൽ നവംബർ19 ന് നിയമം പിൻവലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

Follow Us:
Download App:
  • android
  • ios