Asianet News MalayalamAsianet News Malayalam

Farm Law|തെരഞ്ഞെടുപ്പ് കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്, പതനത്തിന്റെ തുടക്കമെന്ന് സിപിഎം, പ്രതികരിച്ച് നേതാക്കൾ

യുപിയിലെയും പഞ്ചാബിലെയുമടക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ബിജെപി സർക്കാർ നടത്തിയതെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.  

rahul gandhi mamata banerjee amarinder singh  congress cpm  response over farm laws repeal
Author
DELHI, First Published Nov 19, 2021, 12:02 PM IST

ദില്ലി:കർഷകരുടെ ഒരു വർഷം നീണ്ട സമരത്തിന് പിന്നാലെയാണ് കാർഷിക നിയമങ്ങൾ (FARM LAW) പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM MODI) പ്രഖ്യാപിച്ചത്. ഗുരുനാനാക്ക് ദിനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനമുണ്ടായത്. തീരുമാനത്തെ സ്വാഗതം ചെയ്ത കർഷക സംഘടനകൾ പാർലമെന്‍റ് പാസാക്കിയ നിയമങ്ങൾ പിൻവലിക്കാനുളള തീരുമാനം പ്രഖ്യാപിച്ചെങ്കിലും നിയമങ്ങൾ പാർലമെന്റ് വഴി തന്നെ പിൻവലിക്കുന്നത് വരെ കാത്തിരിക്കുമെന്നാണ് അറിയിച്ചത്. 

യുപിയിലെയും പഞ്ചാബിലെയുമടക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ബിജെപി സർക്കാർ നടത്തിയതെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കർഷകസമരത്തിന് മുന്നിൽ അഹങ്കാരം  കുമ്പിട്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അനീതിക്കെതിരായ വിജയമാണെന്നും രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ പ്രതികരിച്ചു. 700 കർഷകർ മരണപ്പെട്ടതിന് ശേഷമാണ് നിയമം പിൻവലിക്കുന്നതെന്നായിരുന്നു മല്ലികാർജുൻ ഖാർഖെയുടെ പ്രതികരണം. കർഷകർക്കും ജനങ്ങൾക്കും ഉണ്ടായ നഷ്ടം ആര് ഏറ്റെടുക്കുമെന്നും ഖാർഖെ ചോദിച്ചു. 

സന്ധിയില്ലാത്ത‍ പോരാട്ടത്തിന്റെ വിജയമെന്ന് മമത ബാനർജി പ്രതികരിച്ചു. ഇത്  കർഷകരുടെ വിജയമാണ്. ബിജെപിയുടെ ക്രൂരമായ പെരുമാറ്റത്തിലും സന്ധിയില്ലാതെ പോരാടിയ കർഷകർക്ക് അഭിനന്ദനമെന്ന് മമത ബാനർജി പ്രതികരിച്ചു. 

കർഷകരുടേത് വൻ വിജയമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ്  കെജ്രിവാൾ പ്രതികരിച്ചു. കർഷകരെ അഭിനന്ദിച്ച അദ്ദേഹം, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും പറഞ്ഞു.

 

ബിജെപിയുടെയും മോദിയുടെയും പതനത്തിന്റെ തുടക്കമെന്നാണ്  സിപിഎം പ്രതികരണം. ഏകാധിപത്യം വിജയിക്കില്ലെന്ന പാഠം മോദി സർക്കാരിനെ കർഷകർ പഠിപ്പിച്ചുവെന്നും സി പി എം പ്രതികരിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത സിപിഐ നേതാവ് ആനി രാജ, പക്ഷേ തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ എന്ന സംശയവും പ്രകടിപ്പിച്ചു.

കർഷകരുടെയും രാജ്യത്തിന്റെയും വിജയമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. 
മുതലാളിമാരും അവരുടെ സംരക്ഷകരും സർക്കാരും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി  അമരീന്ദർ സിംഗ് രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios