
മുംബൈ: താജ് ഹോട്ടലിലെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്‍റിൽ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹോട്ടൽ മാനേജ്‌മെന്‍റിനെതിരെ പ്രതികരിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. ഈ സംഭവത്തിലെ അതൃപ്തി രേഖപ്പെടുത്തി അവർ റെസ്റ്റോറന്‍റിൽ നിന്നുള്ള വീഡിയോ 'എക്‌സി'ലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഒരു മാധ്യമ വെബ്‌സൈറ്റിന്‍റെ സ്ഥാപകയായ ശ്രദ്ധ ശർമ്മ ആണ് വീഡിയോയിൽ ഹോട്ടൽ ജീവനക്കാർക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടൽ മാനേജർ തന്‍റെ അടുത്തുവന്ന് ഇങ്ങനെയിരുന്ന് ഭക്ഷണം കഴിക്കുന്നത് മറ്റ് അതിഥികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് വിലക്കിയതായി അവർ വീഡിയോയിൽ അവകാശപ്പെട്ടു. "കഷ്ടപ്പെട്ട് പണമുണ്ടാക്കി, താജ് ഹോട്ടലിൽ വരുന്ന ഒരു സാധാരണക്കാരൻ ഈ രാജ്യത്ത് ഇപ്പോഴും അപമാനവും നിന്ദയും നേരിടുന്നു. എന്‍റെ തെറ്റെന്താണ്? ഞാൻ ചമ്രം പടിഞ്ഞിരുന്നു എന്നതോ? എങ്ങനെ ഇരിക്കണം, എന്ത് ചെയ്യണം എന്ന് താജ് എന്നെ പഠിപ്പിക്കുന്നത് എന്‍റെ തെറ്റാണോ?" ശ്രദ്ധ ചോദിച്ചു.
വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തോട് ശക്തമായി പ്രതികരിച്ചു. ഹോട്ടലിന്‍റെ നടപടി അനാവശ്യമാണെന്നും വർഗ്ഗീയ സ്വഭാവമുള്ളതാണെന്നും ആരോപിച്ച് നിരവധി പേർ ശ്രദ്ധ ശർമ്മയ്ക്ക് പിന്തുണ നൽകി. "ഇനി താജ് ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെ ഇരിക്കണമെന്ന് സ്റ്റാഫ് പറഞ്ഞുതരും. പണം കൊടുത്തിട്ടും ഒരാൾക്ക് സ്വന്തം ഇഷ്ടത്തിന് സൗകര്യമായി ഇരിക്കാൻ പോലും കഴിയില്ല! ബ്രിട്ടീഷുകാർ പോയെങ്കിലും ഇംഗ്ലീഷ് മര്യാദകൾ പോയില്ല," ഒരു ഉപയോക്താവ് കുറിച്ചു.
എങ്കിലും, ഈ വിഷയത്തിൽ എല്ലാവരും ശ്രദ്ധയ്ക്ക് അനുകൂലമായിട്ടല്ല പ്രചതികരിക്കുന്നത്. ഫൈൻ ഡൈനിംഗ് ഇടങ്ങൾക്ക് അതിന്‍റേതായ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചില ഉപയോക്താക്കൾ ഹോട്ടലിനെ പിന്തുണച്ചു. "എല്ലാ സ്ഥലത്തും ഇരിക്കുന്നതിന് നിയമങ്ങളുണ്ട്. കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കരുത്. തറയിൽ ഇരുന്നാണ് അങ്ങനെ കഴിക്കേണ്ടത്. സൗകര്യപ്രദമായ സ്ഥലത്താണ് നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഭക്ഷണം കഴിക്കാൻ കഴിയുക. എവിടെ ചെന്നാലും നമ്മുടെ വഴിക്ക് കാര്യങ്ങൾ ചെയ്യണമെന്ന് ചിന്തിക്കുന്നതാണ് പല ഇന്ത്യക്കാരുടെയും പ്രശ്നം," മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ച് താജ് ഹോട്ടൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam