
ഹൈദരാബാദ്: കൂട്ടക്കൊലപാതകത്തിൽ വിറച്ച് തെലങ്കാന. പോക്സോ കേസ് ഇരയായ 16കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി യുവാവിൻ്റെ പരാക്രമം. റായ്വാലഗുഡ സ്വദേശിയായ രാജു കുമാർ (35) ആണ് കൂട്ടക്കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഇയാളുടെ സ്വന്തം ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട 16കാരിയുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. രംഗറെഡ്ഡി ജില്ലയിലെ ഷബാദ് ടൗണിലും റായ്വാലഗുഡയിലുമാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്. കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്.
വെള്ളിയാഴ്ച രാത്രി 10:45 ഓടെ ആണ് സംഭവങ്ങളുടെ തുടക്കം. ആറുകിലോമീറ്റർ അപ്പുറത്തുള്ള ഷബാദ് ടൗണിലേക്ക് വാഹനമോടിച്ചെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. 42കാരിയായ പെൺകുട്ടിയുടെ മാതാവ് വാതിൽ തുറന്നതും യുവാവ് കത്തികൊണ്ട് ആക്രമിച്ചു. തുടർന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തി. പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി തൻ്റെ ഗ്രാമത്തിലെ തടാകത്തിന് സമീപം എത്തിച്ചു കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ബണ്ടിൽ തള്ളുകയുമായിരുന്നു.
മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി രാത്രി 11:21 ഓടെയാണ് സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന 31കാരിയായ ഭാര്യയെയും നാലും 18 ഉം വയസ്സുള്ള രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നീട് ഷബാദിൽ താമസിക്കുന്ന സ്വന്തം പിതാവിനെ വിളിച്ചു കൊലപാതക വിവരം അറിയിച്ച പ്രതി കാറിൽ രക്ഷപ്പെട്ടു. പിതാവാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇക്കഴിഞ്ഞ മെയ് മാസമാണ് പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതേ തുടർന്ന് പ്രതി ഒളിവിലായിരുന്നുവെന്നും ഷബാദ് പൊലീസ് അറിയിച്ചു. ജൂൺ മാസം മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് യുവാവ് പുറത്തിറങ്ങിയതും പിന്നീട് കൂട്ടക്കൊലപാതകം നടത്തിയതും. പ്രതി ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ തരുൺ ജോഷി അറിയിച്ചു. സ്വന്തം കുടുംബത്തെ അടക്കം കൊലപ്പെടുത്താനുള്ള കാരണം അവ്യക്തമാണെന്നും കമ്മീഷണർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam