
മീററ്റ്: അവധിക്ക് ശേഷം ശ്രീനഗറിലേക്ക് മടങ്ങും വഴി ദേശീയ പാതയിൽ സൈനികനെ ക്രൂരമായി തല്ലിച്ചതട്ട് ടോൾ ബൂത്തിലെ ജീവനക്കാർ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് രജ്പുത് റജിമെന്റിലെ സൈനികനായ കപിൽ കവാദിനെ ടോൾ ബൂത്ത് ജീവനക്കാർ തൂണിൽ കെട്ടിയിട്ട് തല്ലിയത്. ശ്രീനഗറിലേക്ക് ദില്ലി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കപിലും ബന്ധുവും. ഭുനി ടോൾ ബൂത്തിൽ വലിയ രീതിയിൽ ഗതാഗത കുരുക്കിൽ പെട്ടതോടെ സമയത്ത് വിമാനത്താവളത്തിൽ എത്തില്ലെന്ന ആശങ്കയിൽ ടോൾ ബൂത്ത് ജീവനക്കാരോട് വിവരം തെരക്കാനായി ചെന്നതിന് പിന്നാലെയാണ് സൈനികനെ ക്രൂരമായി മർദ്ദിച്ചത്. ടോൾ ബൂത്ത് ജീവനക്കാരുമായി സംസാരിച്ചത് വാക്കേറ്റത്തിലെത്തിയതിന് പിന്നാലെയായിരുന്നു മർദ്ദനം.
അഞ്ച് ജീവനക്കാർ ചേർന്ന് കപിലിനെ ടോൾ ബൂത്തിന് സമീപത്തെ തൂണുകളിലൊന്നിലേക്ക് കൈകൾ പിന്നിലേക്ക് വലിച്ച് പിടിച്ച ശേഷമായിരുന്നു മർദ്ദനം. വടി ഉപയോഗിച്ചും കൈകൾ കൊണ്ടും സൈനികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അസഭ്യ വർഷത്തോടെയായിരുന്നു മർദ്ദനം. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. മീററ്റ് കർണാൽ ദേശീയ പാതയിലെ ഭുനി ടോൾ പ്ലാസയിൽ സൈനികൻ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ 6 പേർ അറസ്റ്റിലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം