നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേതൃത്വം യോഗം ചേരുന്നത്. ഇതിനിടെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും സോണിയഗാന്ധിയും തമ്മിള്ള കൂടിക്കാഴ്ചയും ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ദില്ലി: പ്രശാന്ത് കിഷോറിന്‍റെ തെരഞ്ഞെടുപ്പ് പദ്ധതികള്‍ ചർച്ച ചെയ്യാന്‍ വീണ്ടും യോഗം ചേർന്ന് കോണ്‍ഗ്രസ്. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേതൃത്വം യോഗം ചേരുന്നത്. ഇതിനിടെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും സോണിയഗാന്ധിയും തമ്മിള്ള കൂടിക്കാഴ്ചയും ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പ്രശാന്ത് കിഷോറുമായി ഇതിനോടകം രണ്ട് തവണ കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തികഴിഞ്ഞു. നല്‍കിയ പദ്ധതികളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുമായായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച. ഇന്നത്തെ യോഗത്തില്‍ ദിഗ്‍വിജയ് സിങ്, കമല്‍നാഥ്, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും പ്രശാന്ത് കിഷോറും പങ്കെടുക്കുന്നുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഗുജറാത്ത് കര്‍ണാടക ,മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് ചർച്ച ചെയ്യുകയാണ്. 

അതേസമയം, തെലങ്കാനയില്‍ ടി ആര്‍ എസുമായി പ്രശാന്ത് കിഷോര്‍ സഹകരിക്കുന്നത് കോണ്‍ഗ്രസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രവര്‍‍ത്തനം ശക്തിപ്പെടത്താനാണ് ശ്രമിക്കുന്നതെന്നും തെലങ്കാനയില്‍ ടി ആര്‍ എസുമായി സഖ്യമില്ലെന്നും എഐസിസി വ്യക്തമാക്കിയിരുന്നു. ഇന്നലെ ചർച്ചകള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് പിഡിപി നേതാവ് മെഹബൂബ മുഫ്തി സോണിയഗാന്ധിയെ കാണാൻ എത്തിയത്. 2016 ന് ശേഷം ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അഹമ്മദ് പട്ടേലിന്‍റെ മരണവും ഇരുപാര്‍ട്ടികളു തമ്മിലെ ബന്ധത്തെ ബാധിക്കുകയായിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പിഡിപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് അടക്കം ചർച്ചയില്‍ വിഷയമായതയാണ് സൂചന. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാനിരിക്കെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബിജെപി നേതൃത്വം ജമ്മുകശ്മീരീലെ പ്രവര്‍ത്തകർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.