
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ സംശയമുന്നയിച്ച് കോൺഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പിൽ മത്സരിച്ച ചില സിറ്റിങ് കോൺഗ്രസ് എംഎൽഎമാർക്ക് സ്വന്തം ഗ്രാമത്തിൽ പോലും 50 വോട്ട് പോലും ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. മറ്റൊരു കോൺഗ്രസ് നേതാവായ ദിഗ് വിജയ സിങ്ങും ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കോൺഗ്രസ് നേതാക്കൾ ആരോപണവുമായി രംഗത്തെത്തുന്നത്.
മധ്യപ്രദേശിൽ 230 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ 163 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 66 സീറ്റിലൊതുങ്ങി. അതേസമയം, തെളിവില്ലാതെ ഇവിഎം ക്രമക്കേട് ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാഭിപ്രായം കോൺഗ്രസിന് അനുകൂലമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. ചില എംഎൽഎമാർ എന്നോട് പറഞ്ഞത് അവരുടെ ഗ്രാമത്തിൽ 50 വോട്ട് പോലും കിട്ടിയില്ലെന്നാണ്. അതെങ്ങനെ സാധ്യമാകുമെന്നും കമൽനാഥ് ചോദിച്ചു.
എക്‌സിറ്റ് പോൾ ഫലങ്ങളെയും അദ്ദേഹം വിമർശിച്ചു. പൊതു ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും കമൽനാഥ് നേരത്തെ പറഞ്ഞിരുന്നു. മധ്യപ്രദേശിൽ തുല്യപോരാട്ടമെന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാൽ, ഫലം വന്നപ്പോൾ വലിയ മാർജിനിലായിരുന്നു കോൺഗ്രസിന്റെ തോൽവി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam