
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയ്ക്ക് അപമാനമായി മാറിയ പരാതിയിൽ വനിതാ എസ്ഐമാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ എസ്‌പി വി ജി വിനോദ് കുമാർ. വനിതാ എസ്ഐമാർക്ക് താൻ മോശമായ തരത്തിൽ സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും ഇദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ വിശദീകരിക്കുന്നു. ഡ്യൂട്ടിയുടെ ഭാഗമായി മാത്രമാണ് എസ് പി എന്ന നിലയിൽ സന്ദേശങ്ങൾ അയച്ചത്. പോഷ് ആക്ടിൻ്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം. എസ്ഐമാർക്കെതിരെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. മുൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു വിനോദ് കുമാർ.
പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്ഐമാരാണ് എസ്‌പിക്കെതിരെ പരാതി നൽകിയിത്. എസ്പി വി.ജി.വിനോദ് കുമാർ അർദ്ധരാത്രിയിൽ സന്ദേശയങ്ങളയച്ചുവെന്നാണ് പരാതി. ഇക്കാര്യം ഒരു ഡിവൈഎസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി, ഇതിനു ശേഷം ഡിവൈഎസ്പിയെയും മാനസികമായ എസ്പി പീഡിപ്പിച്ചുവെന്നാണ് റെയ്ഞ്ച് ഡിഐജി അജീതാ ബീഗത്തിന് വനിതാ എസ്ഐമാർ നൽകിയ പരാതി. വനിതാ എസ്ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡിഐജി ശുപാർശ ചെയ്തു. ഇതേ തുടർന്നാണ് പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിനോട് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ആവശ്യപ്പെട്ടത്.
പത്തനംതിട്ട എസ് പി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട വിനോദ് കുമാർ ഇപ്പോള്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ എഐജിയാണ്. പോക്സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ച ചൂണ്ടികാട്ടി ദക്ഷിണമേഖ ഐജി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു സ്ഥലം മാറ്റം. പക്ഷെ പകരം നൽകിയ നൽകിയത് നിർണായ തസ്തികയാണ്. ഈ തസ്തികയിലിരിക്കുമ്പോഴാണ് വനിതാ എസ്ഐമാരുടെ പരാതി നേരിടുന്നത്.
പരാതിക്കാർക്കെതിരെ ഗുരുതര ആരോപണമാണ് എസ്പി വിനോദ് കുമാർ ഉന്നയിക്കുന്നത്. ഒരേ ഫോണ്ടിൽ പരാതികള്‍ തയ്യാറാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. പോഷ് ആക്ട് പ്രകാരം നിലവിൽ നടക്കുന്ന അന്വേഷണം നിർത്തിവച്ച ശേഷം ഗൂഢാലോചന അന്വേഷിക്കണമെന്നും എസ്‌പി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam