
ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35A എന്നിവ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എത്രയും പെട്ടെന്ന് റദ്ദാക്കുമെന്ന് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. ജമ്മു കശ്മീരില്‍ ബിജെപി സ്വന്തം സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലിക സംവിധാനമായിരുന്നു. ഇപ്പോഴും പ്രത്യേക പദവി തുടരുന്നത് ജനങ്ങളോട് ചെയ്യുന്ന കൊടിയ അനീതിയാണ്. 35എ അസംബന്ധ നിയമമാണ്. പാര്‍ലമെന്‍റിന്‍റെയും രാഷ്ട്രപതിയുടെയും അംഗീകാരമില്ലാതെ പിന്‍വാതിലിലൂടെയാണ് 35എ നടപ്പാക്കിയത്. എത്രയും വേഗത്തില്‍ ഈ രണ്ട് നിയമങ്ങളും റദ്ദാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം റദ്ദാക്കരുതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പദവി റദ്ദാക്കാന്‍ മോദിക്ക് കഴിയില്ലെന്നും 370, 35എയും സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പോരാളികളാണ് ജമ്മു കശ്മീരിലെ ജനങ്ങളെന്നും ശത്രുക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
35എ വിവേചനപരായ നിയമമാണെന്ന് രവീന്ദര്‍ റെയ്ന ആരോപിച്ചു. സംസ്ഥാനത്തിന് പുറത്ത്നിന്ന് വിവാഹം കഴിച്ച ഒമര്‍ അബ്ദുല്ലയുടെ ഭാര്യയ്ക്ക് എല്ലാ സ്വത്തുക്കളും അനുഭവിക്കാം. എന്നാല്‍, സംസ്ഥാനത്തിന് പുറത്തുള്ള സചിന്‍ പൈലറ്റിനെ വിവാഹം ചെയ്ത ഒമര്‍ അബ്ദുല്ലയുടെ സഹോദരിക്ക് ഈ അവകാശമില്ലെന്നും റെയ്ന ആരോപിച്ചു. ശ്യമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ജനസംഘം ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam