
ബെംഗളൂരു: സംസ്ഥാന ഡൈവിങ് ചാമ്പ്യനായ പ്ലസ് ടു വിദ്യാർത്ഥി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ബെംഗളൂരു ക്ലാരൻസ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർത്ഥി 17 വയസുകാരനായ ആര്യൻ മോസസ് വ്യാസാണ് മരിച്ചത്. ഇന്നലെ രാവിലെ സ്‌കൂൾ അസംബ്ലി നടക്കുന്നതിനിടെയാണ് സ്‌കൂളിലെ രണ്ടാം നിലയിൽ നിന്ന് വിദ്യാർത്ഥി വീണ് മരിച്ചത്. അപകടമരണമാണെന്ന് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കയച്ച സന്ദേശത്തിൽ പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നും വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് സ്‌കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
ഇന്നലെ രാവിലെ ബെംഗളൂരു റിച്ചാർഡ്‌സ് ടൗണിലെ പോട്ടറി റോഡിലുള്ള സ്‌കൂളിൽ ആര്യനെ കൊണ്ടുവിട്ട് പിതാവ് മടങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കെട്ടിടത്തിൽ നിന്ന് വീണത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ മോസസ് കേതൻ എച്ച് വ്യാസാണ് കുട്ടിയുടെ പിതാവ്. സംഭവ ദിവസം രാവിലെ ഇദ്ദേഹം മകനെ വഴക്ക് പറഞ്ഞിരുന്നതായും വിവരമുണ്ട്.