
ഉജ്ജൈൻ: മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാൻ യുവാവ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മൃതദേഹം സംസ്കരിച്ച് കഴിഞ്ഞ് അപ്രതീക്ഷിതമായി പിടിവീണു. അതിന് കാരണമായതാവട്ടെ ഗ്രാമത്തിലെ ഏതാനും കുട്ടികൾ അവരുടെ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയും. 13കാരിയുടെ മരണത്തിലാണ് നാടകീയമായ സംഭവങ്ങളിലൂടെ സത്യം പുറത്തുവന്നത്.
മദ്ധ്യപ്രദേശിലെ ഉജ്ജൈനിൽ 13കാരിയായ മധു എന്ന പെൺകുട്ടി മരണപ്പെട്ട സംഭവത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. മധുവിന്റെ അച്ഛൻ ബാലു പൻവാർ എന്ന ബലറാം തന്റെ രണ്ടാം ഭാര്യയായ സംഗീതയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഗീത എപ്പോഴും മധുവിനോട് വഴക്കുണ്ടാക്കുകയും കുട്ടിയെ ശിക്ഷിക്കുകയുമൊക്കെ ചെയ്തിരുന്നു. വീട്ടുജോലികളുടെ പേരിലായിരുന്നു പ്രധാനമായും പ്രശ്നങ്ങൾ. കഴിഞ്ഞ ദിവസം ചില തർക്കങ്ങളുണ്ടായപ്പോൾ മധുവിനെ സംഗീത ശ്വാസം മുട്ടിച്ച് കൊന്നു.
ബാലറാം വീട്ടിലെത്തിയപ്പോൾ മകളുടെ മൃതദേഹം കണ്ടു. എന്നാൽ പൊലീസിനെ വിളിക്കുന്നതിന് പകരം എങ്ങനെയും രണ്ടാം ഭാര്യയെ രക്ഷിക്കാനായി അയാളുടെ ശ്രമം. മധുവിന്റെ കഴുത്തിൽ മുറുക്കിയ അടയാളങ്ങളുണ്ടായിരുന്നെങ്കിലും അത് നാട്ടുകാരിൽ നിന്ന് മറച്ചുവെയ്ക്കാൻ ഇരുവരും ശ്രമം നടത്തി. മകളുടെ മരണത്തെക്കുറിച്ച് ഗ്രാമവാസികളിൽ പലരോടും പല തരത്തിലാണ് വിശദീകരിച്ചത്. ചിലരോട് വൈദ്യുതാഘാതമേറ്റുമെന്നും മറ്റ് ചിലരോട് കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും പറഞ്ഞു. ആരെങ്കിലും തടയുന്നതിന് മുമ്പ് കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിക്കുകയും ചെയ്തു.
എന്നാൽ സംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹത്തെ പുതപ്പിച്ചിരുന്ന തുണി മാറ്റിയപ്പോൾ കഴുത്തിലെ അടയാളങ്ങൾ ദൃശ്യമായിരുന്നു. ഇത് ഏതാനും കുട്ടികൾ വീഡിയോയിൽ പകർത്തിവെച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് ഈ വീഡിയോ പൊലീസിന് ലഭിച്ചത്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. വീഡിയോയിൽ കണ്ട അടയാളങ്ങൾ വെച്ച് ഇരുവരെയും ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam