
ദിയോറിയ (ഉത്തർപ്രദേശ്): ഏകദേശം പത്ത് ദിവസത്തോളം അഴുകിയ മൃതദേഹം കിടന്ന ടാങ്കിലെ വെള്ളം ഉപയോഗിച്ച് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും. ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലാണ് സംഭവം. വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് ക്ലീനിംഗ് ജീവനക്കാർ അഞ്ചാം നിലയിലുള്ള സിമന്‍റ് ടാങ്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. പൊലീസിന്‍റെ സാന്നിധ്യത്തിൽ രാത്രി വൈകി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഈ ദിവസങ്ങളിൽ ഒപിഡിയിലും വാർഡ് കെട്ടിടങ്ങളിലും വെള്ളം എത്തിച്ചത് ഈ ടാങ്കിൽ നിന്നായിരുന്നു എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സംഭവം പുറത്തുവന്നതിനെത്തുടർന്ന് ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തലിനെ അന്വേഷണ ഉദ്യോഗസ്ഥയായി നിയമിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ ബർൺവാളിനെ താൽക്കാലികമായി ചുമതലയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഏറ്റാ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം തലവനായ ഡോ. രജനിയെ അടുത്ത ഉത്തരവുണ്ടാകുന്നതുവരെ പകരം പ്രിൻസിപ്പലായി നിയമിച്ചു.
ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തിയ ഡി എം ദിവ്യ മിത്തൽ, പൂട്ടിയിടേണ്ടിയിരുന്ന അഞ്ചാം നിലയിലെ ടാങ്ക് തുറന്ന നിലയിലായിരുന്നു എന്ന് കണ്ടെത്തി. ടാങ്ക് തുറന്നതിനെക്കുറിച്ച് പ്രിൻസിപ്പലിനോട് ചോദ്യം ചെയ്യുന്ന ജില്ലാ മജിസ്‌ട്രേറ്റിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ടാങ്ക് നിലവിൽ സീൽ ചെയ്തിരിക്കുകയാണ്, ടാങ്കറുകൾ വഴി കോളേജിൽ പകരം കുടിവെള്ളം എത്തിച്ചു തുടങ്ങി. ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസറുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മൃതദേഹം എങ്ങനെ ടാങ്കിലെത്തി എന്നതിനെക്കുറിച്ചോ ആരെങ്കിലുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam