
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ഉംപുൺ ഇന്ന് ഉച്ചയോടെ കരതൊടും. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ കരതൊടുമെന്നാണ് കരുതുന്നത്. 275 കിലോമീറ്ററിലേറെ വേഗത്തിലാണ് ചുഴലിക്കാറ്റ് മുന്നേറുന്നത്.
ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ കാറ്റ് വീശുന്നുണ്ട്. നേരത്തെ ഒഡിഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയതെങ്കിലും ദിശ വടക്കു-കിഴക്കൻ ഭാഗത്തേക്ക് മാറി. ഇന്ത്യയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി വടക്ക് ,വടക്കുകിഴക്ക് ദിശയിലാണു സഞ്ചാരപഥം.
മേഖലയിൽ അതിശക്തമായ കടൽ ക്ഷോഭവും തുടങ്ങി. പശ്ചിമ ബംഗാളിലെ ദിഗ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലാവും ചുഴലിക്കാറ്റ് തീരം തൊടുക. ഈ ഘട്ടത്തിൽ 175 കിലോമീറ്റർ വരെ കാറ്റിന് വേഗമുണ്ടാകുമെന്ന് കരുതുന്നു. അതിനാൽ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടൽ. പശ്ചിം ബംഗാളിലെ ഈസ്റ്റ് മേദിനിപുർ, വെസ്റ്റ് മേദിനിപുർ, കൊൽക്കത്ത, ഹൂഗ്ലി, ഹൗറ, നോർത്ത് 24 പർഗ്നാസ്, സൗത്ത് 24 പർഗ്‌നാസ് എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചേക്കും.
ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam