'5 വർഷമായി ജയിലിലാണ്'; ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ മറുപടി നൽകിയില്ല, ദില്ലി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി

Published : Oct 27, 2025, 04:04 PM IST
 Umar Khalid bail plea Supreme Court

Synopsis

ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച ദില്ലി പോലീസിനെ സുപ്രീംകോടതി വിമർശിച്ചു. ഇനി സമയം നീട്ടി നൽകില്ലെന്നും വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ സമയം വേണമെന്ന ദില്ലി പോലീസിന്‍റെ ആവശ്യത്തിൽ സുപ്രീംകോടതിക്ക് അതൃപ്തി. അഞ്ച് വർഷമായി പ്രതികൾ ജയിലിൽ ആണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നേരത്തെ സമയം നൽകിയതാണെന്നും ഇന്ന് കേസ് കേൾക്കാമെന്ന് വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു. ഇനി സമയം നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും.

അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ്, വീണ്ടും സമയം ചോദിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതിയുടെ സെപ്റ്റംബർ 2-ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഉമർ ഖാലിദ് അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ഉമർ ഖാലിദിന് പുറമേ ഷർജിൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അഥർ ഖാൻ, അബ്ദുൾ ഖാലിദ് സൈഫി, ഷാദാബ് അഹമ്മദ്, തസ്ലീം അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളി.

സമാധാനപരമായി പ്രതിഷേധിക്കാനും പ്രകടനം നടത്താനും പൗരന്മാർക്ക് ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും അത്തരം പ്രവർത്തനങ്ങൾ നിയമത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങേണ്ടതുണ്ടെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നതിനുമുള്ള അവകാശം ആർട്ടിക്കിൾ 19(1)(എ) നൽകുന്നുണ്ടെങ്കിലും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ് അതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

2020 ഫെബ്രുവരിയിലെ കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉമർ ഖാലിദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തുകയും ചെയ്തു. 2020 മുതൽ ഇവർ ജയിലിലാണ്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും ജാമ്യം നൽകാതിരുന്നതോടെയാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് ദില്ലിയിൽ അക്രമമുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹാഘോഷത്തിനിടെ പ്രതിശ്രുത വരൻ പിടിയിൽ, ലിവിംഗ് ടുഗെദർ പങ്കാളിയെ കൊന്ന് തലയറുത്തത് ദിവസങ്ങൾക്ക് മുൻപ്
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്