
ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ നേരത്തെ പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പരിസമാപ്തിയാവുകയായിരുന്നു.
ഇന്നലെ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് അണ്ണാമലൈ പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് പൂർണ്ണമായി മൗനം പാലിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ കുറിപ്പിൽ എവിടെയും ബിജെപിയെക്കുറിച്ചോ പാർട്ടി നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം സൂചിപ്പിച്ചിരുന്നില്ല. ബിജെപി വിടുമെന്ന സൂചനകൾക്കിടയിൽ ഇത്തരമൊരു പോസ്റ്റ് വന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു. സുഹൃത്തുക്കൾക്കും മുതിർന്നവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തമിഴ്‌നാടിന്റെ ശോഭനമായ ഭാവിക്കായി അധ്വാനിക്കാൻ ജനങ്ങളുടെ സ്നേഹം ഊർജ്ജമായെന്നും കുറിച്ചിരുന്നു.
മുൻ ഐപിഎസ് ഓഫീസർ കൂടിയായ കെ. അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു. തുടർന്ന് ഇന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam