
തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ പരസ്യമാക്കിയത്. സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി. സ്ഥാനാർതി പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാത്തത് കോൺഗ്രസിന്‍റെ ജയ സാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർണ്ണായകമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏകോപന സമിതി അധ്യക്ഷന്റെ അപ്രതീക്ഷിത രാജി തമിഴ്‌നാട് കോൺഗ്രസ് ക്യാമ്പിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന പത്രിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം നൽകുന്ന ധനസഹായം 1000 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നതാണ് പ്രധാന വാഗ്ദാനം. നിലവിലെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സ്റ്റാലിൻ, ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങളെ മുൻകൂട്ടി കണ്ട് സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയെന്നും അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ ചതി മുൻകൂട്ടി കണ്ട് 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തിച്ചെന്നും സ്റ്റാലിൻ വിവരിച്ചു. ഡി എം കെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും സ്റ്റാലിൻ 2.0 ഉറപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam