
ചെന്നൈ: തമിഴ്നാട് സാത്താൻകുളം സ്റ്റേഷനിൽ വീണ്ടും ലോക്കപ്പ് മർദനം. തൂത്തുക്കുടി സ്വദേശി മാർട്ടിന് ആണ് മർദനമേറ്റത്. ആശുപത്രിയിൽ 43 കാരൻ്റെ നില ഗുരുതരമാണ്. രക്തസ്രാവം, മൂത്രതടസം, ശ്വാസതടസവും കൂടിയതോടെ മാർട്ടിനെ ആശുപത്രിയിലേക്ക് മാറ്റി.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ട അയൽവാസിയുടെ പരാതിയിലാണ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തിയില്ല. വീട്ടിൽ നിന്ന് പിടിച്ച് കൊണ്ട് പോകുമ്പോഴും പൊലീസ് മർദിച്ചതായി മാർട്ടിൻ്റെ ഭാര്യ സരോജം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് തൂത്തുക്കുടി എസ്പി വ്യക്തമാക്കി. മാർട്ടിനെ സാത്താൻകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ജീവന് സംരക്ഷണം നൽകണമെന്ന് ചൂണ്ടിക്കാട്ടി മാർട്ടിൻ്റെ അഭിഭാഷകൻ മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നു.
അതേസമയം, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ മാർട്ടിൻ ശ്രമിച്ചെന്ന് തൂത്തുക്കുടി എസ് പി എസ് ജയകുമാർ പ്രതികരിച്ചു. മാർട്ടിനെ കീഴപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും എസ്പി വിശദീകരിച്ചു. സംഭവത്തില്‍ തൂത്തുക്കുടി ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തൂത്തുക്കുടി എസ്പിയിൽ നിന്ന് വിശദീകരണം തേടി. ഒരു മാസം മുമ്പ് ഇതേ സ്റ്റേഷനിൽ വ്യാപാരികളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സംഭവത്തിൽ പത്ത് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam