ഓണ്‍ലൈൻ റമ്മി നിരോധനം: പൊതുജനാഭിപ്രായം തേടി തമിഴ്നാട് സര്‍ക്കാര്‍

By Web TeamFirst Published Aug 8, 2022, 8:32 PM IST
Highlights

ഓൺലൈൻ റമ്മിയും മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാരിന്‍റെ നീക്കം.

ചെന്നൈ: ഓൺലൈൻ റമ്മി നിരോധിക്കുന്ന കാര്യത്തിൽ ജനാഭിപ്രായം സ്വരൂപിക്കാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾ, ചെറുപ്പക്കാർ, രക്ഷകർത്താക്കൾ, അധ്യാപകർ, യുവാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നുതുടങ്ങി വിവിധ വിവിഭാഗം ജനങ്ങളുടെ അഭിപ്രായമാണ് സർക്കാർ തേടുന്നത്. ആഭ്യന്തര സെക്രട്ടറിയുടെ ഇ മെയിൽ ഐഡിയിൽ ഈ മാസം 12ന് മുമ്പായി അഭിപ്രായങ്ങൾ അറിയിക്കണം. 

വിവരങ്ങൾ പ്രത്യേകമായി നൽകണമെന്ന് കരുതുന്ന സംഘടനകളോ സ്ഥാപനങ്ങളോ ഒൻപതാം തീയതിക്ക് മുമ്പായി homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം. അഭിപ്രായങ്ങൾ അറിയിച്ചതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി പിന്നീട് കൂടിക്കാഴ്ചയും നടത്തും. ഓൺലൈൻ റമ്മിയും മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാരിന്‍റെ നീക്കം.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ.രവിയുമായി കൂടിക്കാഴ്ച നടത്തി രജനികാന്ത്

ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ ആസാദി കി അമൃത് പ്രചാരണ പരിപാടിക്ക് പോയി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് രജനീകാന്ത് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. രാഷ്ട്രീയം ചർച്ച ചെയ്തതെന്ന് രജനീകാന്ത് പറഞ്ഞു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. 

തമിഴ് ജനതയുടെ ക്ഷേമത്തിനായി എന്തു ചെയ്യാനും തയ്യാറുള്ളയാളാണ് ഗവ‍ർണർ ആർ.എൻ.രവിയെന്ന് രജനീകാന്ത് പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലിറങ്ങാൻ തനിക്കിപ്പോൾ പദ്ധതിയൊന്നുമില്ലെന്നും സൂപ്പർ താരം വ്യക്തമാക്കി. മുമ്പ് പലവട്ടം രാഷ്ട്രീയ പ്രവേശത്തിനും സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുമുള്ള മുന്നൊരുക്കങ്ങൾ രജനീകാന്ത് നടത്തിയിരുന്നെങ്കിലും പിന്നീട് ആരോഗ്യകാരണങ്ങൾ പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു. 

നികുതി വെട്ടിപ്പ്: തമിഴ്നാട്ടിൽ പരിശോധയിൽ 200 കോടി പിടിച്ചെടുത്തു 

ചെന്നൈ: തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 200 കോടി രൂപയിൽ അധികം വരുന്ന അനധികൃത സ്വത്തുക്കൾ കണ്ടെത്തിയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്. കൂടാതെ 26 കോടിയുടെ രേഖകളിലില്ലാത്ത കറൻസിയും മൂന്ന് കോടിയിലധികം വില വരുന്ന സ്വർണവും കണ്ടെത്തിയെന്നും സിബിഡിടി അറിയിച്ചു. ചെന്നൈ, മധുര, കോയമ്പത്തൂർ, വെല്ലുർ എന്നിവിടങ്ങളിലെ 40 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. സിനിമാ നിർമാതാക്കൾ, സിനിമാ നിർമാണത്തിന് പണം കടം നൽകുന്നവർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.

click me!