എഐ171 ട്രസ്റ്റുമായി ടാറ്റ ഗ്രൂപ്പ്; വിമാനാപകടത്തിന്‍റെ ദുരന്തം പേറുന്ന കുടുംബങ്ങളെ ചേർത്ത് പിടിക്കുമെന്ന് ചെയർമാൻ

Published : Jun 21, 2025, 12:43 PM IST
air india flight crash ahmedabad

Synopsis

അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. വിമാനത്തിന്റെ സുരക്ഷ പരിശോധന ശക്തമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി: അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും എയർ ഇന്ത്യ വിമാനങ്ങളുടെ സമഗ്ര സുരക്ഷ പരിശോധന ശക്തമാക്കിയെന്നും ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ വിശദമായ ആദ്യ പൊതു പ്രതികരണമാണിത്. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ട ഈ ബോയിംഗ് 787-8 ഡ്രീംലൈനറെന്നും എയർ ഇന്ത്യയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റുമാരിലൊരാളാണ് വിമാനം പറത്തിയതെന്നും അദ്ദേഹം പറഞ്ഞു.

2023 ജൂണിലാണ് ഈ വിമാനത്തിന്‍റെ മേജർ സർവ്വീസ് നടത്തിയത്. 2025 മാർച്ചിൽ വലതുവശത്തെ എഞ്ചിന്‍റെ അറ്റകുറ്റപണികളും ഏപ്രിലിൽ ഇടതുവശത്തെ എഞ്ചിന്‍റെ പരിശോധനയും നടത്തിയിരുന്നു. ഓരോ പറക്കലിനു മുൻപും ഇരു എഞ്ചിനുകളുടെ പരിശോധന നടത്തിയിരുന്നു. അപകടത്തിനു മുൻപുള്ള പരിശോധനയിലും യാതൊരു പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല. 2025 ഡിസംബറിൽ അടുത്ത മേജർ സർവ്വീസ് നടത്താനിരിക്കൊണ് അപകടം.

10,000 മണിക്കൂറലധികം വലിയ വിമാനങ്ങൾ പറത്തി പരിചയമുള്ള പൈലറ്റും പരിശീലകനുമായ ക്യാപ്റ്റൻ സുമീത് സബർവാളാണ് ഈ വിമാനത്തെ നയിച്ചതെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംപ്ബെൽ വിൽസൺ പറഞ്ഞു. ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് കുന്ദറിനും 3,400ലധികം മണിക്കൂറുകൾ വിമാനം പറപ്പിച്ച് പരിചയമുണ്ട്.

എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങൾ കൃത്യമായി അറ്റകുറ്റപണികൾ നടത്തുന്നതായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായും ഡിജിസിഎ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലും വിശ്വസം വീണ്ടെടുക്കുന്നതിനായി ബോയിംഗ് 787, 777 വിമാനങ്ങളിൽ കൂടുതൽ സുരക്ഷ പരിശോധനകൾ നടത്തുന്നത് തുടരും.

2022ൽ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതൽ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നതെന്നും അതിനാലാണ് റെഗുലേറ്ററി മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള സുരക്ഷാ പരിശോധനകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിന്‍റെ രണ്ട് ബ്ലോക്ക് ബോക്സുകളും അപകട സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ബോയിംഗ്, ജിഇ എയ്റോസ്പേസ്, യുകെയുടെ എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് എന്നിവയിലെ വിദഗ്ധര്‍ അടങ്ങുന്ന അന്വേഷണ സംഘം ഈ ഡാറ്റ വിശകലനം ചെയ്തുവരികയാണ്.

ഊഹാപോഹങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും എൻ ചന്ദ്രശേഖരൻ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായം നൽകും. അപകടം പറ്റിയവരുടെ ആശുപത്രി ചെലവും തകർന്ന മെഡിക്കൽ ഹോസ്റ്റൽ പുനർനിർമിക്കാനുള്ള സാമ്പത്തിക സഹായവും കമ്പനി നൽകും. കൂടാതെ ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ദീർഘകാല പിന്തുണ നൽകാനായി ‘എഐ171’ എന്ന പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ഞങ്ങൾ അവരോടൊപ്പമുണ്ട്, എന്നതാണ് തരാവുന്ന എറ്റവും വലിയ ഉറപ്പെന്നും ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തിന് സംഭവിച്ച അപകടത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാന്‍ ജെആര്‍ഡി അല്ല, ഞാന്‍ ആര്‍എന്‍ടി (രത്തന്‍ നേവല്‍ ടാറ്റ) അല്ല. ടാറ്റാ ഗ്രൂപ്പിന്‍റെ ഒരു ഭാഗമായി അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഉൾക്കൊണ്ട് വളർന്നയാളാണ് താനെന്നും ചന്ദ്രശേഖരൻ പറഞ്ഞു. 2022ല്‍ എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്നും ടാറ്റാ സണ്‍സ് തിരികെ ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയതും എൻ. ചന്ദ്രശേഖരനാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ